ഇസ്രായേലുമായി ചർച്ച തുടരും, തിരിച്ചടിയില്ല; ജറൂസലേമിലെ കോൺസുലേറ്റ് ‘യു.കെ മിഷൻ’ ആയി തുടരുമെന്ന് ബ്രിട്ടൻ

ലണ്ടൻ: ജറൂസലേമിലെ യു.കെ കോൺസുലേറ്റ് അടച്ചുപൂട്ടില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി എഡ് മിലിബാൻഡ്. ഇസ്രായേൽ നിശ്ചയിച്ച 30 ദിവസത്തെ സമയപരിധി അവസാനിച്ചതിന് പിന്നാലെയാണ് ബ്രിട്ടന്റെ പുതിയ തീരുമാനം. നിലവിലെ കോൺസുലേറ്റ് കെട്ടിടം തന്നെ ഇനി ‘യു.കെ മിഷൻ’ എന്ന പേരിൽ പരിമിതമായ പ്രവർത്തനങ്ങളോടെ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രയേൽ കുടിയേറ്റ കേന്ദ്രങ്ങൾക്കെതിരെ ബ്രിട്ടൻ ഏർപ്പെടുത്തിയ ഉപരോധങ്ങളെ തുടർന്ന് ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചുപൂട്ടണമെന്ന് ഇസ്രായേൽ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് കെട്ടിടത്തിൽ നിന്ന് ‘ബ്രിട്ടീഷ്‌ കോൺസുലേറ്റ് ജനറൽ ’ എന്ന ബോർഡും കോൺസുലർ വിഭാഗത്തിന്റെ മറ്റൊരു ബോർഡും ജീവനക്കാർ നീക്കം ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. 

ഇതിനുപിന്നാലെയാണ് കോൺസുലേറ്റ് പൂർണമായി അടക്കുന്നില്ലെന്ന ബ്രിട്ടന്റെ പ്രഖ്യാപനം വന്നത്. ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സാർ പറയുന്നതനുസരിച്ച്, പരിമിതമായ പ്രവർത്തനങ്ങളോടെ കെട്ടിടത്തിൽ തുടരാൻ ബ്രിട്ടന് അനുമതി നൽകിയിട്ടുണ്ട്. ഏഴ് നയതന്ത്ര ഉദ്യോഗസ്ഥരായിരിക്കും അവിടെ തുടരുക. അതേസമയം ബ്രിട്ടീഷ് കോൺസൽ ജനറൽ ഉൾപ്പെടെ 20 നയതന്ത്ര ഉദ്യോഗസ്ഥർ തങ്ങളുടെ ചുമതലകൾ അവസാനിപ്പിച്ച് ഇസ്രായേൽ വിടുമെന്നും ഗിഡിയോൺ സാർ പറഞ്ഞു.

അടുത്തിടെ ചില ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ബ്രിട്ടൻ തിരിച്ചുവിളിച്ചിരുന്നു. ഇനി കിഴക്കൻ ജറുസലേമിലെ സാന്നിധ്യം വീണ്ടും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്ന് മിലിബാൻഡ് പറഞ്ഞു. ഇതിനിടെ ഇസ്രായേൽ നടപടിക്ക് മറുപടിയായി ലണ്ടനിലെ ഇസ്രായേൽ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇസ്രായേലിനെതിരെ തിരിച്ചടി നടപടിയൊന്നും സ്വീകരിക്കില്ലെന്ന് മിലിബാൻഡ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് ബ്രിട്ടന്റെ ഈ നിലപാട്.

 അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ കുടിയേറ്റ കേന്ദ്രങ്ങൾക്കെതിരെ ബ്രിട്ടൻ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും അവിടെ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരികയും ചെയ്തിരുന്നു. ബ്രിട്ടന്റെ ഇത്തരം നടപടികളോടുള്ള പ്രതികരണമായാണ് ജറുസലേമിലെ കോൺസുലേറ്റ് അടച്ചുപൂട്ടുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചത്.

ഇസ്രയേൽ രാഷ്ട്രം 1948ൽ രൂപീകരിക്കുന്നതിനും വളരെ മുമ്പ്, ഏകദേശം 200 വർഷമായി ജറുസലേമിൽ ബ്രിട്ടന് നയതന്ത്ര സാന്നിധ്യമുണ്ട്. ശൈഖ് ജറാഹ് പ്രദേശത്തുള്ള ഈ കോൺസുലേറ്റ് ജറുസലേമിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീനികളുമായുള്ള ബ്രിട്ടന്റെ ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഫലസ്തീൻ പൗരന്മാർക്ക് വിവിധ കോൺസുലർ സേവനങ്ങളും ഇവിടെനിന്ന് ലഭിച്ചിരുന്നു.

അതേസമയം, കിഴക്കൻ ജറുസലേമിലെ കോൺസുലേറ്റുമായി ബന്ധപ്പെട്ട പുതിയ തീരുമാനം തെൽ അവീവിലെ ബ്രിട്ടീഷ് എംബസിയെ ബാധിക്കില്ല. ഇസ്രായേൽ സർക്കാരുമായുള്ള ഔദ്യോഗിക നയതന്ത്ര ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നത് തെൽ അവീവിലെ എംബസിയാണ്.

നിലവിലെ സംഘർഷങ്ങൾക്കിടയിലും ബ്രിട്ടനും ഇസ്രയേലും തമ്മിൽ സാമ്പത്തികം, സുരക്ഷ, രഹസ്യാന്വേഷണം തുടങ്ങിയ മേഖലകളിൽ അടുത്ത ബന്ധം തുടരുന്നുണ്ട്. എന്നാൽ കിഴക്കൻ ജറുസലേമിലെ കോൺസുലേറ്റുമായി ബന്ധപ്പെട്ട തർക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പുതിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

Tags:    
News Summary - UK renames East Jerusalem consulate as a mission; some diplomats to remain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.