യുദ്ധലക്ഷ്യങ്ങളിൽ പ്രതിജ്ഞാബദ്ധരെന്ന് നെതന്യാഹു; ഗസ്സയിൽ വ്യോമാക്രമണം തുടങ്ങി ഇസ്രായേൽ

ഗസ്സ: ഇസ്രായേൽ ഗസ്സയിൽ വീണ്ടും ആക്രമണം തുടങ്ങിയതിന് പിന്നാലെ പ്രസ്താവനയുമായി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. വെള്ളിയാഴ്ച രാവിലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന പുറത്ത് വന്നത്. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് നെതന്യാഹു ആരോപിച്ചു. കരാറിലെ വ്യവസസ്ഥകൾ ഹമാസ് പാലിച്ചില്ല. കുട്ടികളേയും സ്ത്രീകളേയും പൂർണമായും വിട്ടയച്ചില്ല. ഇതിന് പുറമേ ഇസ്രായേലിന് നേരെ ഹമാസ് ​ആക്രമണം നടത്തിയെന്നും നെതന്യാഹു ആരോപിച്ചു.

ബന്ദികളെ മുഴുവൻ മോചിപ്പിക്കുക, ഹമാസിനെ ഇല്ലാതാക്കുക, ഗസ്സ ഇസ്രായേൽ ജനതക്ക് ഇനിയും ഭീഷണിയാവില്ലെന്ന് ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ യുദ്ധലക്ഷ്യങ്ങളെന്നും നെതന്യാഹു പ്രസ്താവനയിൽ പറയുന്നു. അതേസമയം, വെടിനിർത്തൽ കരാർ കാലാവധി അവസാനിച്ചതിന് പിന്നാലെ ഇസ്രായേൽ ഗസ്സയിൽ ആക്രമണം ശക്തമാക്കുകയാണ്.

ഗസ്സയിൽ വ്യോമാക്രമണവും ഇസ്രായേൽ പുനഃരാരംഭിച്ചു. പ്രദേശത്ത് കനത്ത ഷെല്ലിങ്ങും നടത്തുന്നുണ്ട്. ഗസ്സയിൽ വ്യോമാക്രമണം തുടങ്ങിയ വിവരം ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരാഴ്ച നീണ്ട താൽക്കാലിക വെടിനിർത്തൽ വെള്ളിയാഴ്ച രാവിലെ ഏഴിന് (പ്രാദേശികസമയം) അവസാനിക്കാനിരിക്കെ ഇത് രണ്ടുദിവസത്തേക്കുകൂടി നീട്ടാൻ ​ഖത്തറും ഈജിപ്തും ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല. ചർച്ചകളിൽ സമ്പൂർണ വെടിനിർത്തലിന് ഹമാസ് താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഇസ്രായേൽ തയാറല്ലെന്നാണ് സൂചനകൾ. ബുധനാഴ്ച രാത്രി ഇസ്രായേലിലെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍റെ സാന്നിധ്യത്തിൽ യുദ്ധമ​ന്ത്രിസഭാ യോഗം ചേർന്നു.

ആറുദിവസ താൽക്കാലിക ഇടവേള വ്യാഴാഴ്ച രാവിലെ ഏഴിന് അവസാനിക്കുന്നതിന് നിമിഷങ്ങൾക്കു മുമ്പാണ് 24 മണിക്കൂർകൂടി നീട്ടിയതായി പ്രഖ്യാപനം വന്നത്. ബുധനാഴ്ച രാത്രി 16 ബന്ദികളെ ഹമാസ് മോചിപ്പിക്കുകയും പകരം 30 ഫലസ്തീനി തടവുകാരെ ഇസ്രായേൽ വിട്ടയക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയും ഇസ്രായേൽ 30 ഫലസ്തീനി തടവുകാരെ വിട്ടയക്കുകയും 10 ബന്ദികളെ ഹമാസ് മോചിപ്പിക്കുകയും ചെയ്തു.

ഹമാസ് ബന്ദികളാക്കിയ മുഴുവൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാതെ ഇനി വെടിനിർത്തലിനില്ലെന്ന നിലപാട് ഇസ്രായേൽ സ്വീകരിച്ചുവെന്നാണ് വിവരം. എന്നാൽ, മുഴുവൻ ബന്ദികളെയും മോചിപ്പിക്കുന്നതിന് പകരമായി ഇസ്രായേലി ജയിലുകളിലെ എല്ലാ തടവുകാരെയും വിട്ടയക്കണമെന്നാണ് ഹമാസ് നിലപാട്.

Tags:    
News Summary - Israel says it is committed to war goals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.