യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്
ന്യൂയോർക്ക്: തടവുകാരോടും കസ്റ്റഡിയിലെടുത്ത സിവിലിയന്മാരോടും ക്രൂരമായ ലൈംഗിക അതിക്രമം നടത്തിയതിന് ഇസ്രായേലിനെയും റഷ്യയെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന (യു.എൻ) യുദ്ധമേഖലകളിൽ ലൈംഗിക അതിക്രമങ്ങൾക്ക് നേതൃത്വം നൽകുകയോ ഒത്താശ ചെയ്യുകയോ ചെയ്യുന്ന രാജ്യങ്ങളുടെ ഔദ്യോഗിക കരിമ്പട്ടികയിലാണ് ഇരുരാജ്യങ്ങളെയും ഉൾപ്പെടുത്തിയത്. യു.എൻ നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
സംഘർഷങ്ങളിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് യു.എൻ രക്ഷാസമിതിക്ക് സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് ഇരുരാജ്യങ്ങൾക്കുമെതിരെ ഗുരുതര കണ്ടെത്തലുകളുള്ളത്. കഴിഞ്ഞ വർഷം ഈ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന മുന്നറിയിപ്പ് ഇരുരാജ്യങ്ങൾക്കും യു.എൻ നൽകിയിരുന്നു. ലോകമെമ്പാടുമുള്ള യുദ്ധമേഖലകളിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ മുൻവർഷത്തെ അപേക്ഷിച്ച് 100 ശതമാനത്തിലധികം വർധിച്ചതായി റിപ്പോർട്ട് തയാറാക്കിയ യു.എൻ പ്രത്യേക പ്രതിനിധി പ്രമീള പാറ്റൻ വ്യക്തമാക്കി.
ഫലസ്തീൻ മേഖലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ ഇസ്രായേൽ സൈന്യം ലൈംഗിക അതിക്രമങ്ങൾ നടത്തിയെന്നും,തടവറകളിലും ചോദ്യം ചെയ്യൽ കേന്ദ്രങ്ങളിലും വെച്ച് ക്രൂരമായ ബലാത്സംഗങ്ങൾ, കൂട്ടബലാത്സംഗങ്ങൾ, ഗുഹ്യഭാഗങ്ങളിലേക്ക് വെടിയുതിർക്കൽ, നഗ്നരാക്കി പീഡിപ്പിക്കൽ എന്നിവ നടന്നെന്നും റിപ്പോർട്ടിലുണ്ട്. പല പീഡനങ്ങളും സൈനികർ കാമറയിൽ പകർത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
യുക്രെയ്നിൽ റഷ്യൻ സൈന്യം 310 ലൈംഗിക അതിക്രമ കേസുകൾ നടത്തിയതായാണ് യു.എൻ സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗവും പുരുഷന്മാർക്ക് നേരെയായിരുന്നു. ഗുഹ്യഭാഗങ്ങളിൽ വൈദ്യുതാഘാതം ഏൽപ്പിക്കുക, ക്രൂരമായി മർദ്ദിക്കുക തുടങ്ങിയ വിറപ്പിക്കുന്ന പീഡനമുറകളാണ് റഷ്യൻ സൈന്യം അവലംബിച്ചത്. വിവാദങ്ങൾക്കിടയിലും ഇസ്രായേൽ ഉൾപ്പെടെയുള്ള എല്ലാ അംഗരാജ്യങ്ങൾക്കുമായി യു.എൻ സെക്രട്ടറി ജനറലിന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് യു.എൻ വക്താവ് സ്റ്റീഫൻ ഡുജാറിക് വ്യക്തമാക്കി.
എന്നാൽ 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ആക്രമണം നടത്തുകയും നിലവിൽ കരിമ്പട്ടികയിലുള്ളതുമായ ഹമാസ് എന്ന ഭീകരസംഘടനയുടെ അതേ തലത്തിൽ ജനാധിപത്യ രാജ്യമായ ഇസ്രായേലിനെ പ്രതിക്കൂട്ടിൽ നിർത്തിയത് കടുത്ത അനാദരവാണെന്ന് ഇസ്രായേൽ യു.എൻ അംബാസഡർ ഡാനി ഡാനൻ പറഞ്ഞു.
"ഇത് വസ്തുതകളുമായോ യാഥാർത്ഥ്യവുമായോ യാതൊരു ബന്ധവുമില്ലാത്ത പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമായ തീരുമാനമാണ്. സത്യസന്ധതയുടെയും പ്രൊഫഷണലിസത്തിന്റെയും എല്ലാ അതിർവരമ്പുകളും സെക്രട്ടറി ജനറൽ ലംഘിച്ചു. പുതിയൊരു സെക്രട്ടറി ജനറൽ വരുന്നത് വരെ അദ്ദേഹത്തിന്റെ ഓഫീസുമായുള്ള എല്ലാ ബന്ധങ്ങളും ഇസ്രായേൽ അവസാനിപ്പിക്കുന്നു," ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം എക്സിൽ കുറിച്ചു.
യു.എസിലെ യു.എൻ അംബാസഡർ മൈക്ക് വാൾട്സും ഇസ്രായേലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ യു.എൻ നടപടിയെ സ്വാഗതം ചെയ്തു. ഈ പട്ടികയിൽ ഉൾപ്പെടുന്ന രാജ്യങ്ങൾക്ക് മേൽ യു.എൻ നേരിട്ട് ഉപരോധങ്ങൾ ഏർപ്പെടുത്തില്ലെങ്കിലും, ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ രീതിയിലുള്ള പ്രതിച്ഛായ നഷ്ടത്തിന്കാരണമാകും. കൂടാതെ ഈ പട്ടികയിൽ തുടർച്ചയായി ഇടംപിടിക്കുന്ന രാജ്യങ്ങളെ യു.എന്നിന്റെ സമാധാന സംരക്ഷണ സേനകളിൽ പങ്കെടുപ്പിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.