തെക്കൻ ഗസ്സയിലെ റഫായിൽ വീടിനു നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പരിക്കേറ്റ കുട്ടിയുമായി മാതാവ്
ഗസ്സ: ഒരാഴ്ചത്തെ വെടിനിർത്തലിന് ശേഷം ഇസ്രായേൽ വീണ്ടും ആക്രമണം തുടങ്ങിയപ്പോൾ ഗസ്സയിൽ ഇന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി. ഇന്ന് പ്രാദേശിക സമയം രാവിലെ ഏഴ് വരെയായിരുന്നു ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാറുണ്ടായിരുന്നത്. ഈ സമയപരിധി അവസാനിച്ചതിന്‍റെ അടുത്ത നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇസ്രായേൽ വിവിധയിടങ്ങളിൽ ആക്രമണം നടത്തി.
വടക്കൻ ഗസ്സയിൽ രണ്ട് പേർ, സെൻട്രൽ ഗസ്സയിൽ ഏഴ് പേർ, തെക്കൻ ഗസ്സയിൽ 12 പേർ എന്നിങ്ങനെയാണ് ഇന്ന് കൊല്ലപ്പെട്ടത്. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ വിവിധയിടങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. റഫായിലേക്ക് നീങ്ങാനാണ് പ്രദേശത്ത് വിതറിയ ലഘുലേഖകളിലൂടെ ആവശ്യപ്പെട്ടതെന്നും, എന്നാൽ റഫായിലും ആക്രമണമുണ്ടെന്നും ഗസ്സ ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു.
ഹമാസിനെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വെടിനിർത്തൽ അവസാനിച്ച അടുത്ത നിമിഷം തന്നെ ഇസ്രായേൽ ഗസ്സയിൽ ബോംബിട്ടത്. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ ആരോപണം. കുട്ടികളേയും സ്ത്രീകളേയും പൂർണമായും വിട്ടയച്ചില്ല. ഇതിന് പുറമേ ഇസ്രായേലിന് നേരെ ഹമാസ് ആക്രമണം നടത്തിയെന്നും നെതന്യാഹു ആരോപിച്ചു.
ഒത്തുതീർപ്പുകളില്ലാതെ ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പറഞ്ഞു. ഗസ്സയെ എല്ലാ ശക്തിയുമുപയോഗിച്ച് തരിപ്പണമാക്കും. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും ഇനിയും തിരിച്ചെത്താത്ത കുട്ടികൾക്കും വേണ്ടി തങ്ങളത് ചെയ്യുമെന്നും ബെൻ ഗ്വിർ പറഞ്ഞു.
ഒരാഴ്ച നീണ്ട താൽക്കാലിക വെടിനിർത്തൽ വെള്ളിയാഴ്ച രാവിലെ ഏഴിനാണ് (പ്രാദേശികസമയം) അവസാനിച്ചത്. രണ്ടുദിവസത്തേക്കുകൂടി വെടിനിർത്തൽ നീട്ടാൻ ഖത്തറും ഈജിപ്തും ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല. ചർച്ചകളിൽ സമ്പൂർണ വെടിനിർത്തലിന് ഹമാസ് താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഇസ്രായേൽ തയാറല്ലെന്നാണ് സൂചനകൾ. ബുധനാഴ്ച രാത്രി ഇസ്രായേലിലെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍റെ സാന്നിധ്യത്തിൽ യുദ്ധമന്ത്രിസഭാ യോഗം ചേർന്നിരുന്നു.
ഹമാസ് ബന്ദികളാക്കിയ മുഴുവൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാതെ ഇനി വെടിനിർത്തലിനില്ലെന്ന നിലപാട് ഇസ്രായേൽ സ്വീകരിച്ചുവെന്നാണ് വിവരം. എന്നാൽ, മുഴുവൻ ബന്ദികളെയും മോചിപ്പിക്കുന്നതിന് പകരമായി ഇസ്രായേലി ജയിലുകളിലെ എല്ലാ തടവുകാരെയും വിട്ടയക്കണമെന്നാണ് ഹമാസ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.