​വെസ്റ്റ്ബാങ്കിൽ പാതിരാ നരവേട്ട: കുഞ്ഞുങ്ങളടക്കം 103 മരണം, കുട്ടികളും സ്ത്രീകളുമടക്കം 1215 പേർ അന്യായ തടവിൽ

വെസ്റ്റ്ബാങ്ക്: ഗസ്സയിൽ സർവനാശം വിതച്ച് ​കൂട്ടക്കൊല തുടരുന്ന ഇസ്രായേൽ, തങ്ങൾ അധിനിവേശം നടത്തിയ വെസ്റ്റ്ബാങ്കിലും നരവേട്ട തുടരുന്നു. ഇതുവരെ 103 ഫലസ്തീനികളെ കൊന്നൊടുക്കി. ഇതിൽ 30 കുഞ്ഞുങ്ങളും ഉൾപ്പെടും. 1828 പേർക്ക് ഇതുവരെ പരിക്കേറ്റു.

‘റെയ്ഡ്’ എന്ന ഓമനപ്പേരിൽ പാതിരാത്രി യുദ്ധ ടാങ്കുകളും മെഷീൻ ഗണ്ണുകളുമായി ഫലസ്തീനി വീടുകളിൽ അതിക്രമിച്ചുകയറിയാണ് ഇസ്രായേൽ അധിനിവേശ സൈന്യം ഈ കൊലപാതകങ്ങൾ നടത്തിയത്. വീട്ടകങ്ങളിൽ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 1215 പേരെ ഇതിനകം അന്യായമായി തടവിലാക്കി. വർഷങ്ങളായി ഇസ്രായേലി തടവറകളിൽ കഴിയുന്ന ആയിരക്കണക്കിന് ഫലസ്തീനികൾക്ക് പുറമേയാണിത്.

ഇസ്രായേൽ അധിനിവേശ വെസ്റ്റ്ബാങ്കിൽ കഴിഞ്ഞ 15 വർഷത്തിനിടെ ഏറ്റവും കൂടുതൽ കൊലപാതങ്ങൾ അരങ്ങേറിയ ദിവസങ്ങളാണ് കടന്നുപോകുന്നത്. ഫലസ്തീൻ ആരോഗ്യ വകുപ്പും ഐക്യരാഷ്ട്രസഭയും നൽകുന്ന കണക്കുകൾ പ്രകാരം മരണം 103 ആയി. ഭൂരിഭാഗവും ഇസ്രായേൽ സേനയുടെ ആക്രമണത്തിലാണ് മരിച്ചത്. അധിനിവേശം നടത്തി താമസിക്കുന്ന കുടിയേറ്റ ജൂതന്മാരുടെ ആക്രമണത്തിലും ഏതാനും ഫലസ്തീനികൾക്ക് ജീവൻ നഷ്ടമായി. ജനസാന്ദ്രതയേറിയ ജെനിൻ അഭയാർഥി ക്യാമ്പിൽ ഡ്രോൺ ആക്രമണം നടത്തിയാണ് കൂട്ടക്കൊല നടത്തിയത്.

പേരിൽ തടവറ, നരകസമാന പീഡനം

അന്യായമായി ജയിലിലടച്ച ഫലസ്തീനി​കളോട് ഇസ്രായേൽ കൊടുംക്രൂരതയാണ് കാണിക്കുന്നതെന്ന് തടവുകാർക്ക് വേണ്ടിയുള്ള ഫലസ്തീൻ അതോറിറ്റി കമ്മീഷൻ തലവൻ ഖാദുറ ഫാരിസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. “അവർ ജയിൽ ക്ലിനിക്കുകൾ അടച്ചുപൂട്ടുകയും തടവുകാരെ ആശുപത്രികളിലേക്കും പുറ​ത്തെ ക്ലിനിക്കുകളിലേക്കും കൊണ്ടുപോകുന്നത് തടയുകയും ചെയ്തു. തുടർച്ചയായ ചികിത്സ ആവശ്യമുള്ള കാൻസർ രോഗികൾക്ക് വരെ ഇതാണവസ്ഥ. സ്ഥിരമായി മരുന്ന് ആവശ്യമുള്ള ഗുരുതര രോഗികൾക്ക് മരുന്ന് കൊടുക്കുന്നില്ല. തടവുകാരെ എല്ലാവരെയും വെള്ളവും ഭക്ഷണവും കൊടുക്കാ​തെ പട്ടിണിക്കിടുകയാണ്" -അദ്ദേഹം പറഞ്ഞു.

‘തടവുകാർക്ക് നേരെ ശാരീരിക ആക്രമണങ്ങളും അപമാനകരമായ പെരുമാറ്റവും വർധിക്കുന്നു എന്നതാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള ഏറ്റവും അപകടകരമായ കാര്യം. അറസ്റ്റിലായ എല്ലാവരും ആക്രമിക്കപ്പെടുന്നു. പല തടവുകാരുടെയും കൈകാലുകൾ അടിച്ചൊടിച്ചു. കൈവിലങ്ങുകൊണ്ട് കൈകൾ പിറകിലേക്ക് കെട്ടി വേദനിപ്പിക്കൽ, നഗ്നരാക്കി കൂട്ട പരിശോധന തുടങ്ങി ഉപദ്രവവും അപമാനവും തുടരുകയാണ്’ -ഖാദുറ ഫാരിസ് പറഞ്ഞു.

ഒക്‌ടോബർ ഏഴിന് മുമ്പ് തടവിലാക്കപ്പെട്ട 5,200 പേരിൽ കൂടുതലും അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും താമസിക്കുന്നവരാണ്. അതിനുപിന്നാലെയാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 1215 പേരെ കൂടി പിടിച്ചുകൊണ്ടുപോയത്. 56 വർഷത്തെ സൈനിക അധിനിവേശത്തിനിടെ ദിവസേന 15-20 പേരെയായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. എന്നാൽ, ഒക്‌ടോബർ 7 ന് ശേഷം അധിനിവേശ വെസ്റ്റ് ബാങ്കിൽനിന്നും കിഴക്കൻ ജറുസലേമിൽനിന്നും പ്രതിദിനം 120 പേരെയാണ് പിടിച്ചുകൊണ്ടുപോകുന്നത്. 

Tags:    
News Summary - Israel Palestine Conflict: Deadliest period in West Bank in 15 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.