'ബ്രസീൽ ആരുടെയും അടിമയല്ല': ലുല; അഭിനന്ദനങ്ങളുമായി ലോക നേതാക്കൾ

 ബ്രസീലിയ: ബ്രസീലിനെ വിദേശ ശക്തികളുടെ നിയന്ത്രണത്തിൽ നിർത്താൻ കഴിയില്ലെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ വിഭാഗത്തിനെതിരെ അട്ടിമറി വിജയം നേടിയ ഇടത് നേതാവ് ലുല ഡ സിൽവ. "ബ്രസീൽ ആരുടെയും അടിമയല്ലെന്ന്," അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപ് ഭരണകൂടവുമായി അടുത്ത ബന്ധം പുലർത്തിയ ഫ്ലാവിയോ ബോൾസൊനാരോയെ പരാജയപ്പെടുത്തിയ ശേഷം, ഈ മേഖലയിലെ യു.എസ് സ്വാധീനത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. തന്റെ നാലാം ഊഴത്തിലേക്കുള്ള തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ജനാധിപത്യത്തെ സംരക്ഷിച്ചുവെന്നും, പൊതുവായ സഹകരണത്തിനായി ശ്രമിക്കുമെന്നും സാവോ പോളോയിലെ ജനക്കൂട്ടത്തോട് ലൂല പറഞ്ഞു.

"ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ നമ്മൾ നിയന്ത്രിക്കേണ്ടതുണ്ട്," എന്ന് പറഞ്ഞ ലുല, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള വിദേശ ഇടപെടലുകളെ പ്രതിരോധിക്കാൻ തന്റെ പ്രചാരണ ക്യാമ്പിന് കഴിഞ്ഞിരുന്നുവെന്നും കൂട്ടിച്ചേർത്തു. ജനാധിപത്യം സംരക്ഷിക്കാൻ വോട്ടിംഗ് എത്രത്തോളം പ്രധാനമാണെന്ന് തന്റെ പ്രചാരണത്തിലൂടെ വോട്ടർമാരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതായി ലൂല പറഞ്ഞു. തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താനും ട്രംപ് ശ്രമിച്ചിരുന്നു. ബോൾസൊനാരോ കുടുംബം ഏറെക്കാലമായി ട്രംപിന്റെ പിന്തുണ ആസ്വദിക്കുന്നവരാണ്. ലുലയെ ദുർബലപ്പെടുത്താനും ബോൾസൊനാരോ കുടുംബത്തെ വീണ്ടും അധികാരത്തിൽ എത്തിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ ബ്രസീലിനെതിരെ ഉപരോധത്തിന് സമ്മർദ്ദം ചെലുത്തിയിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ട്രംപിന്റെ കടുത്ത താരിഫ് പ്രചാരണത്തെയും ജെയർ ബോൾസൊനാരോയുടെ വിചാരണയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരസ്യ പ്രസ്താവനകളെയും വിദേശ ഇടപെടലിന്റെ തെളിവുകളായി ലൂല പലപ്പോഴും ചൂണ്ടിക്കാണിച്ചിരുന്നു. ലുലയുടെ പ്രചാരണ വിഭാഗം യു.എസ് കേന്ദ്രീകൃത സോഷ്യൽ മീഡിയ കമ്പനികളുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

രാജ്യത്ത് ചരിത്ര വിജയം നേടിയ ലുലയെ ലോകനേതാക്കൾ അഭിനന്ദിച്ചു.

'ജനാധിപത്യം വാഴട്ടെ, ബ്രസീലിലെ ജനങ്ങൾ വിജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ, പ്രസിഡന്റ് ലൂല'- എന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം കുറിച്ചു. ബൊളീവിയൻ പ്രസിഡന്റ് റോഡ്രിഗോ പാസും ലുലയെ അഭിനന്ദിച്ചു. ബൊളീവിയയും ബ്രസീലും അയൽരാജ്യങ്ങളും സഹോദര രാജ്യങ്ങളുമാണ്, പങ്കിട്ട ചരിത്രവും പൊതുവായ വെല്ലുവിളികളും നമ്മളെ ഒന്നിപ്പിക്കുന്നു. നമ്മുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനും നമ്മുടെ രാജ്യങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നമ്മൾ ഒന്നിച്ച് പ്രവർത്തിക്കുന്നത് തുടരും- റോഡ്രിഗോ പാസ് പറഞ്ഞു. ഈ മികച്ച ജനാധിപത്യ യാത്രയ്ക്ക് ഞാൻ ബ്രസീലിയൻ ജനതയെ അഭിവാദ്യം ചെയ്യുന്നുവെന്നായിരുന്നു പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെയ്നയുടെ പ്രതികരണം. ലുല ബ്രസീലിയൻ തൊഴിലാളികൾക്കും ജനാധിപത്യത്തിനും വേണ്ടി നിലകൊണ്ടു, അടുത്ത നാല് വർഷത്തിലും അത് തുടരുമെന്നായിരുന്നു യു.എസ് സെനറ്റർ ബെർണി സാണ്ടേഴ്സിന്റെ പ്രതികരണം.

ഗ്വാട്ടിമാലൻ പ്രസിഡന്റ് ബെർണാഡോ അരെവാലോ, ഉറുഗ്വേൻ പ്രസിഡന്റ് യാമാൻഡു ഓർസി തുടങ്ങിയവരും ലുലയ്ക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തി.

Tags:    
News Summary - Brazil is no ones back yard- Lula says win safeguarded democracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.