സംഘർഷങ്ങൾക്കിടെ ഇറാൻ പ്രസിഡൻ്റ് പാകിസ്താൻ സന്ദർശിക്കുന്നു

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിൽ കടുത്ത സംഘർഷാവസ്ഥ നിലനിൽക്കെ ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി ഈ മാസം 22ന് പാകിസ്താൻ സന്ദർശിക്കുന്നു. പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫ്, പ്രസിഡൻ്റ് ആസിഫ് അലി സർദാരി, സൈനിക നേതൃത്വം എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സിറിയയിലെ ഡമാസ്‌കസ് കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായി ഇറാൻ ഇസ്രായേലിൽ 300ലധികം ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഇറാൻ പ്രസിഡന്റ് പാകിസ്താനിൽ സന്ദർശനം നടത്തുന്നത്. ജനുവരിയിൽ ഇറാൻ-പാകിസ്താൻ ബന്ധം വഷളായതിനു ശേഷം ഇരു രാജ്യങ്ങളും തങ്ങളുടെ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിലാണ് സന്ദർശനം എന്നത് പ്രാധാന്യമർഹിക്കുന്നതായി ജിയോ ന്യൂസ് റി​പ്പോർട്ട് ചെയ്യുന്നു.

നേരത്തേ, പാകിസ്താൻ, ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ഇറാന്റെ പ്രദേശത്തിനുള്ളിൽ തീവ്രവാദികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു. പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ജയ്‌ഷ് അൽ-അദ്ൽ ഗ്രൂപ്പിൻ്റെ രണ്ട് താവളങ്ങൾ മിസൈലുകളും ഡ്രോണുകളും ലക്ഷ്യമിട്ടതായി ഇറാൻ അവകാശപ്പെട്ടിരുന്നു.

ഉഭയകക്ഷി ബന്ധം, സുരക്ഷാ സഹകരണം, ഗ്യാസ് പൈപ്പ്‌ലൈൻ, സ്വതന്ത്ര വ്യാപാര കരാർ എന്നിവ ഉൾപ്പെടുന്നതാണ് പ്രസിഡൻ്റ് റെയ്‌സിയുടെ സന്ദർശനത്തിന്റെ അജണ്ടയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മറ്റൊരു സംഭവവികാസത്തിൽ, ഇറാനിയൻ സൈന്യം പിടിച്ചെടുത്ത കപ്പലിൽ കുടുങ്ങിയ പാക്കിസ്ഥാനികളെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മോചിപ്പിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. 

Tags:    
News Summary - Iran's president visits Pakistan amid tensions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.