സഈദ് റാസി മൂസവിക്ക് വിട നൽകി ഇറാൻ; കൊലക്ക് പ്രതികാരം ചെയ്യുമെന്ന് റവല്യൂഷനറി ഗാർഡ് മേധാവി

തെഹ്റാൻ: സിറിയയിലെ ഡമസ്കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട സേന ഉപദേഷ്ടാവ് സഈദ് റാസി മൂസവിക്ക് വിട നൽകി ഇറാൻ. ഇറാൻ പതാകയിൽ പൊതിഞ്ഞ മൂസവിയുടെ അന്ത്യയാത്രയെ തെഹ്റാനിലെ സെൻട്രൽ സ്ക്വയർ മുതൽ നഗരത്തിന്റെ വടക്കൻ പ്രദേശത്തെ ഖബർസ്ഥാൻ വരെ നൂറുകണക്കിനാളുകൾ അനുഗമിച്ചു. കൊലക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് മേധാവി ജന. ഹുസൈൻ സലാമി പ്രഖ്യാപിച്ചു.

രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ രക്തസാക്ഷിയാണ് മൂസവി. ഇതിൽ നമ്മൾ നിശ്ശബ്ദരായിരിക്കില്ല. മുമ്പത്തെപ്പോലെ ഈ പകയും കാഠിന്യമേറിയതായിരിക്കും. ഇസ്രായേലിനെ തുടച്ചുനീക്കുക തന്നെ ചെയ്യും-അദ്ദേഹം തുടർന്നു. ‘അനുരഞ്ജനത്തിനില്ല’, ‘കീഴടങ്ങില്ല’, ‘അമേരിക്കയോട് ഏറ്റുമുട്ടും’ തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് ജനക്കൂട്ടം ഖബറടക്ക ചടങ്ങിൽ അണിനിരന്നത്.

നേരത്തെ, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പ്രാർഥനക്ക് നേതൃത്വം നൽകി. സിറിയയിലെ ഇറാൻ റവല്യൂഷനറി ഗാർഡ് കമാൻഡറായിരുന്ന സഈദ് റാസി മൂസവി ഡമസ്കസിലെ സൈനബിയ ജില്ലയിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിലാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സിറിയയും ലബനാനും ഇറാനും തമ്മിലുള്ള സൈനിക സഖ്യത്തെ ഏകോപിപ്പിക്കുന്ന ചുമതലയുള്ള വ്യക്തിയായിരുന്നു മൂസവി. 2020ൽ അമേരിക്കൻ സൈന്യം വധിച്ച ഇറാൻ സൈനിക ഓഫിസർ ഖാസിം സുലൈമാനിയുടെ പിൻഗാമിയായാണ് മൂസവി അറിയപ്പെട്ടിരുന്നത്.

Tags:    
News Summary - Iranians bidding farewell to assassinated military advisor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.