ആണവ കേന്ദ്രങ്ങൾക്ക് സാരമായ കേടുപാടുകളുണ്ടായെന്ന് സമ്മതിച്ച് ഇറാൻ

തെഹ്റാൻ: അമേരിക്കയുടെയും ഇസ്രായേലിന്‍റെയും ആക്രമണങ്ങളിൽ തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്കും സംവിധാനങ്ങൾക്കും സാരമായ കേടുപാടുകളുണ്ടായെന്ന് സമ്മതിച്ച് ഇറാൻ. ആക്രമണം അടിസ്ഥാന സൗകര്യങ്ങൾക്കു മാത്രമല്ല, നയതന്ത്ര ശ്രമങ്ങൾക്കും കാര്യമായ തിരിച്ചടിയാണെന്നും ഇറാൻ വിദേശകാര്യ വക്താവ് ഇസ്മാഈൽ ബഗാഈ പറഞ്ഞു.

ആണവ കേന്ദ്രങ്ങളുടെ നാശനഷ്ടവുമായി ബന്ധപ്പെട്ട് വ്യത്യസ്ത റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഇറാന്‍റെ സ്ഥിരീകരണം. ‘ഇസ്രായേലിന്‍റെയും അമേരിക്കയുടെയും ആക്രമണങ്ങളെ തുടർന്ന് ഞങ്ങളുടെ ആണവ സംവിധാനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു എന്നത് ഉറപ്പാണ്’ -ബഗാഈ അൽജസീറയോട് പറഞ്ഞു. ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങൾ, ധാർമികത, നയതന്ത്രം എന്നിവക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. ഇറാൻ നയതന്ത്രത്തിന്‍റെ വഴി ഉപേക്ഷിച്ചിട്ടില്ല, പക്ഷേ പാശ്ചാത്യ സർക്കാറുകളുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യുന്നത് തുടരും. അവർ ഒരുഭാഗത്ത് ചർച്ചയെയും നയതന്ത്രത്തെയും കുറിച്ച് സംസാരിക്കുമ്പോൾ തന്നെ, മറുഭാഗത്ത് ആക്രമണവും പ്രോത്സാഹിപ്പിക്കുന്നു. ഈ വൈരുദ്ധ്യങ്ങൾ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും ബഗാഈ വ്യക്തമാക്കി.

അമേരിക്കയുമായുള്ള ചർച്ചകൾ തുടരുമോ എന്ന ചോദ്യത്തിന്, തെഹ്റാൻ ഇപ്പോൾ ആഭ്യന്തര സുരക്ഷയിലും പൊതുജനങ്ങളുടെ പ്രശ്നങ്ങളിലും മാത്രമാണ് ശ്രദ്ധിക്കുന്നതെന്നായിരുന്നു മറുപടി. അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ) യുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള ഇറാന്‍റെ തീരുമാനത്തെയും അദ്ദേഹം പ്രതിരോധിച്ചു. പാർലമെന്‍റിന്‍റെ തീരുമാനം നേരിട്ടുള്ളതും ആക്രമണത്തോടുള്ള സ്വഭാവിക പ്രതികരണവുമാണ്.

ആണവ നിർവ്യാപന ഉടമ്പടി (എൻ.പി.ടി) പ്രകാരം സമാധാനപരമായ ആണവോർജത്തിനുള്ള ഇറാന്റെ അവകാശം അതേപടി തുടരും, ആർക്കും ചോദ്യം ചെയ്യാനാകില്ലെന്നും ബഗാഈ കൂട്ടിച്ചേർത്തു. നേരത്തെ, ഇറാന്റെ ആണവ പദ്ധതികൾ പൂർണമായും തകർത്തെന്ന അമേരിക്കൻ അവകാശവാദം തെറ്റാണെന്ന് പെന്റഗൺ ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ശനിയാഴ്ചയിലെ ബോംബിങ്ങിൽ ഇറാന്റെ സമ്പുഷ്ട യുറേനിയം ശേഖരം നശിപ്പിക്കാൻ യു.എസ് ആക്രമണത്തിന് കഴിഞ്ഞിട്ടില്ലെന്നും പെന്റഗണിന്റെ പ്രധാന ഇന്റലിജൻസ് വിഭാഗമായ ഡിഫൻസ് ഇന്റലിജൻസ് ഏജൻസി ഉദ്യോഗസ്ഥരിൽ ചിലർ ബി.ബി.സിയുടെ അമേരിക്കൻ പങ്കാളിയായ സി.ബി.എസിനോട് വെളിപ്പെടുത്തി. ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തുന്ന തങ്ങളുടെ ഇന്റലിജൻസ് റിപ്പോർട്ട് ചോർന്നത് അമേരിക്കക്ക് നാണക്കേടായി.

അതേസമയം, ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കാൻ കഴിഞ്ഞിട്ടില്ലെന്ന ഇന്റലിജൻസ് വെളിപ്പെടുത്തലിനെതിരെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ആണവകേന്ദ്രങ്ങൾ പൂർണമായി തകർത്തിട്ടുണ്ടെന്നും ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനിക നീക്കത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് മാധ്യമങ്ങൾ നടത്തുന്നതെന്നും ട്രംപ് ‘എക്സി’ൽ കുറിച്ചു.

ഇറാനിൽ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലുള്ള ആണവ കേന്ദ്രങ്ങളിൽ ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് കനത്ത പ്രഹമേൽപിച്ചതായാണ് യു.എസ് ലോകത്തെ അറിയിച്ചിരുന്നത്. കോൺക്രീറ്റിനടിയിൽ 18 മീറ്റർ ആഴത്തിലും ഭൂമിക്കടിയിൽ 61 മീറ്റർ ആഴത്തിലും കടന്നുചെന്ന് ഉഗ്രസ്ഫോടനം നടത്താൻ ശേഷിയുള്ളവയാണ് തങ്ങളുടെ ബങ്കർ ബസ്റ്റർ ബോംബുകളെന്നും അമേരിക്ക അവകാശപ്പെട്ടിരുന്നു.

Tags:    
News Summary - Iran says nuclear facilities were ‘badly damaged’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.