ഹുർമുസ് വീണ്ടും അടച്ച് ഇറാൻ; നടപടി യു.എസ് നാവിക ഉപരോധം തുടരുന്നതിനാൽ

തെഹ്റാൻ: ഹുർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ. യു.എസ് ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കാത്തതിനെ തുടർന്നാണ് മണിക്കൂറുകൾക്കു മുമ്പ് വാണിജ്യ കപ്പലുകൾക്കായി തുറന്നുകൊടുത്ത ഹുർമുസ് വീണ്ടും അടച്ചത്.

ഇറാൻ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് ഏർപ്പെടുത്തിയ ഉപരോധം തുടരുന്നതിനാൽ യു.എസ് വാഗ്ദാന ലംഘനം നടത്തിയതായി ഇറാന്‍റെ സെൻട്രൽ മിലിറ്ററി കമാൻഡ് പ്രതികരിച്ചു. ഇറാനിലേക്ക് പോകുന്നതും വരുന്നതുമായ കപ്പലുകൾക്കുള്ള നാവിക ഉപരോധം യു.എസ് പിൻവലിക്കുന്നതുവരെ ഹുർമുസ് അടഞ്ഞുകിടക്കുമെന്നും സൈന്യം അറിയിച്ചു.

യു.എസിന്‍റെ നാവിക ഉപരോധം തുടരുകയാണെങ്കിൽ ഹുർമുസ് വീണ്ടും അടക്കുമെന്ന് നേരത്തെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ലബനാനിൽ വെടിനിർത്തൽ പ്രാബല്യത്തിൽവന്നതോടെയാണ് ഹുർമുസ് കടലിടുക്ക് എണ്ണക്കപ്പൽ ഗതാഗതത്തിനായി ഇറാൻ തുറന്നുകൊടുത്തത്. അതേസമയം, ബുധനാഴ്ചക്കകം യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ദീർഘകാല കരാറിലെത്തിയില്ലെങ്കിൽ ഇറാനുമായുള്ള വെടിനിർത്തൽ ധാരണ അവസാനിപ്പിക്കുമെന്നും യുദ്ധം തുടങ്ങുമെന്നും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ ധാരണ നീട്ടിയേക്കില്ല, ഹുർമുസിലും ഇറാനിയൻ തുറമുഖങ്ങളിലുമുള്ള ഉപരോധം തുടരുമെന്നും എയർ ഫോഴ്സ് വണ്ണിൽ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. കരാറായില്ലെങ്കിൽ നിർഭാഗ്യവശാൽ ബോംബ് വർഷം പുനരാരംഭിക്കേണ്ടിവരുമെന്നും കൂട്ടിച്ചേർത്തു.

യു.എസ്-ഇറാൻ വെടിനിർത്തൽ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പശ്ചിമേഷ്യയിൽ ശാശ്വത സമാധാനത്തിനുള്ള നയതന്ത്ര നീക്കങ്ങൾ സജീവമായി തുടരുകയാണ്.

സമ്പുഷ്ടീകരിച്ച യുറേനിയം എവിടേക്കും മാറ്റില്ലെന്ന് ഇറാനിയൻ വിദേശകാര്യ വക്താവ് ഇസ്മാഈൽ ബാക്വി പറഞ്ഞു. നേരത്തെ, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. വെടിനിർത്തൽ ധാരണയുടെ അടിസ്ഥാനത്തിലും ഉപാധികളോടെയുമാണ് ഹുർമുസ് കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുത്തതെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിരുന്നു.

Tags:    
News Summary - Iran says Hormoz closed again over US naval blockade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.