ഖാംനഈയുടെ തകർന്നടിഞ്ഞ വസതിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ; സംസ്കാര ചടങ്ങുകൾക്ക് ഇന്ന് സമാപനം

തെഹ്റാൻ: യു.എസ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഔദ്യോഗിക വസതിയുടെയും അനുബന്ധ കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ കാണിക്കുന്ന ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. പരമോന്നത നേതാവിന്റെ വെബ്‌സൈറ്റ് വഴിയാണ് 50 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ പുറത്തുവന്നത്. 

ഖാംനഈയുടെ വസതിയോട് ചേർന്നുള്ള പ്രാർത്ഥനാ മുറിയായ 'ഇമാം ഖുമേനി ഹുസൈനിയ'യുടെ തകർന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. കെട്ടിടത്തിന്റെ തൂണുകൾ വളഞ്ഞും, മേൽക്കൂര തകർന്ന് അവശിഷ്ടങ്ങൾ മണ്ണിൽ പുതഞ്ഞ് കിടക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തിയ സംയുക്ത ആക്രമണത്തിന്റെ തുടക്കത്തിലാണ് ഈ വസതി തകർക്കപ്പെട്ടത്. ഈ ആക്രമണത്തിൽ ഖാംനഈ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നെങ്കിലും, വസതിയുടെ ഉൾഭാഗം കാണിക്കുന്ന ദൃശ്യങ്ങൾ ഇതാദ്യമായാണ് പുറത്തുവിടുന്നത്.

അതിനിടെ, ഖാംനഈയുടെ ഭൗതികദേഹം ഇറാഖിൽ നിന്നും ഇറാനിലേക്കെത്തിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച തെഹ്‌റാനിൽ ആരംഭിച്ച വിലാപയാത്ര കോം നഗരം പിന്നിട്ടാണ് ഇറാഖിലെത്തിയത്. കർബലയിലെ ചടങ്ങുകൾക്ക് ശേഷമാണ് മൃതദേഹം ഇറാനിലേക്ക് തിരികെ കൊണ്ടു വന്നത്. ഒരാഴ്ച നീണ്ടുനിന്ന സംസ്കാര ചടങ്ങുകൾക്ക് ശേഷം ഖാംനഈയുടെ ജന്മനാടായ മശ്ഹദിൽ വെച്ച് ഇന്ന് മയ്യത്ത് ഖബറടക്കും. 

അതേസമയം, ഖാംനഈയുടെ സംസ്കാര ചടങ്ങുകൾക്കിടയിലും മേഖലയിൽ യുദ്ധഭീതി ഒഴിയുന്നില്ല. ഹുർമുസിൽ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. ഇറാനിലെ 90 സൈനിക കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തുകയും ഇതിന് മറുപടിയായി കുവൈത്തിലെയും ബഹ്റൈനിലെയും ​യു.എസ് സൈനിക കേന്ദ്രങ്ങളിൽ ഇറാ​ൻ മിസൈലാക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്.

ജൂൺ 17ന് ഇരുരാജ്യങ്ങളും ഒപ്പുവെച്ച ഇടക്കാല വെടിനിർത്തൽ കരാർ അവസാനിച്ചതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ സംഘർഷം പൂർണതോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.  

Tags:    
News Summary - Iran Releases Footage Of Khamenei's Destroyed Home For The First Time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.