തെഹ്റാൻ: ഹുർമുസ് കടലിടുക്കിലെ തർക്കങ്ങൾക്കും യു.എസ് ആക്രമണങ്ങൾക്കും പിന്നാലെ അമേരിക്കക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖിർ ഖാലിബാഫ്. തങ്ങളെ ഭീഷണിപ്പെടുത്തുന്നതിനും വാഗ്ദാനങ്ങൾ ലംഘിക്കുന്നതിനും വലിയ വില നൽകേണ്ടി വരുമെന്നാണ് ഖാലിബാഫ് മുന്നറിയിപ്പ് നൽകിയത്.
അമേരിക്കയുടെ സൈനിക സമ്മർദങ്ങൾക്കും അധിനിവേശ നീക്കങ്ങൾക്കും തക്കതായ മറുപടി നൽകുമെന്നും ഇറാന് നേരെ ആക്രമണമുണ്ടായാൽ അമേരിക്ക കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഖാലിബാഫ് മുന്നറിയിപ്പ് നൽകി. ഹുർമുസ് കടലിടുക്കിലെ ഗതാഗതത്തെക്കുറിച്ചുള്ള അമേരിക്കൻ നിലപാടുകളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. അമേരിക്കൻ ഭീഷണികളിലൂടെയല്ല, മറിച്ച് ‘ഇറാനിയൻ ക്രമീകരണങ്ങളിലൂടെ’ മാത്രമേ ഹുർമുസ് കടലിടുക്ക് തുറക്കുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
അനാവശ്യമായ ഇടപെടലുകളിലൂടെയും യുദ്ധക്കൊതിയിലൂടെയും അമേരിക്ക സ്വന്തം നാശം ക്ഷണിച്ചുവരുത്തുകയാണെന്നും ഖാലിബാഫ് പരിഹസിച്ചു. ‘അർത്ഥശൂന്യമായി കൈകാലിട്ടടിക്കുന്നത് നിർത്തുക, അല്ലാത്തപക്ഷം നിങ്ങൾ കൂടുതൽ ആഴത്തിലേക്ക് മുങ്ങിപ്പോകും’ എന്നും ഖാലിബാഫ് കൂട്ടിച്ചേർത്തു.
ഇതിനിടെ ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും യുദ്ധത്തിൽ യൂറോപ്യൻ രാജ്യങ്ങൾ സജീവമായി പങ്കുചേരുന്നുണ്ടെന്ന ആരോപണവുമായി ഇറാൻ വിദേശകാര്യ മന്ത്രാലയവും രംഗത്ത് വന്നു. യു.എസിന്റെ പുതിയ ആക്രമണങ്ങളെ ‘അത്യന്താപേക്ഷിതം’ എന്ന് വിശേഷിപ്പിച്ച നാറ്റോ മേധാവിക്കെതിരെയാണ് വിമൾശനമുയർന്നത്.
അതേസമയം ഇറാനെതിരെ അമേരിക്കൻ സൈന്യം വീണ്ടും വലിയ തോതിലുള്ള ആക്രമണം നടത്തി. ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഇറാനിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ നടപടി. ഇറാനിലെ ഏകദേശം 90 സൈനിക കേന്ദ്രങ്ങൾ തകർത്തതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
പ്രധാനമായും ഇറാൻ തീരത്തുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണശാലകൾ, നാവിക ശക്തികേന്ദ്രങ്ങൾ, സൈനിക ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചർ എന്നിവയാണ് യു.എസ് ആക്രമണത്തിൽ തകർത്തത്.
ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ധാരണാപത്രം അട്ടിമറിക്കപ്പെട്ട സാഹചര്യത്തിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് കൂടുതൽ തീവ്രമാകുകയാണ്. യൂറോപ്യൻ രാജ്യങ്ങളുടെ പങ്കാളിത്തം കൂടി വെളിപ്പെട്ടതോടെ, യുദ്ധം കൂടുതൽ വ്യാപകമാകാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. സൈനികമായും നയതന്ത്രപരമായും അമേരിക്ക ഒട്ടും വിട്ടുവീഴ്ചക്കില്ലെന്ന് ട്രംപ് ആവർത്തിക്കുമ്പോൾ, സ്വന്തം പരമാധികാരം അടിയറവെക്കാൻ തയാറല്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ ഭരണകൂടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.