ചരിത്ര വിജയം കുറിച്ച് അബ്ദുൽ അൽ സഈദ്; അമേരിക്കൻ സെനറ്റിലെ ആദ്യ മുസ്‌ലിം

ഡെട്രോയിറ്റ്: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ മിഷിഗൺ സെനറ്റ് സീറ്റിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി അബ്ദുൽ അൽ സഈദ് വിജയിച്ചു. ഡെട്രോയിറ്റിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ അനുയായികളെ അഭിസംബോധന ചെയ്ത അദ്ദേഹം, മിഷിഗണിന്റെ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ചു. 

റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്സുമായാണ് അൽ സഈദ് മത്സരിച്ചത്. പ്രതീക്ഷയും പുരോഗതിയും ഉയർത്തിപ്പിടിച്ചാണ് തന്റെ പ്രചാരണം മുന്നോട്ടുപോയതെന്ന് അദ്ദേഹം പറഞ്ഞു. റോജേഴ്സിന്റെ പ്രചാരണം കോർപറേറ്റ് താൽപര്യങ്ങൾക്കുവേണ്ടിയുള്ളതായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

മുസ്‍ലിം ബ്രദർഹുഡുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളും വംശീയ-ഇസ്‍ലാമോഫോബിക് പ്രചാരണങ്ങളും നേരിട്ടാണ് അൽ സഈദ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.  പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് അൽ സഈദിനെതിരെ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തെ 'ജിഹാദിസ്റ്റ്' എന്നും മുസ്‍ലിം ബ്രദർഹുഡ് അംഗമെന്നും വിളിച്ച ട്രംപ്, സെനറ്റിൽ പ്രവേശിക്കാൻ അൽ സഈദിന് മെറ്റൽ ഡിറ്റക്ടറിലൂടെ കടന്നുപോകേണ്ടിവരുമെന്നും ആക്ഷേപിച്ചിരുന്നു. അമേരിക്കൻ ജനതയുടെ സുരക്ഷക്ക് ഭീഷണിയാണ് അൽ സഈദെന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു ട്രംപിന്റെ ശ്രമം.

റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്സും അൽ സഈദിനെ മുസ്‍ലിം ബ്രദർഹുഡുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണവും റോംജഴ്സ് പ്രചാരണ വേളയിൽ ഉന്നയിച്ചിരുന്നു.

എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നേരിട്ട വംശീയവും ഇസ്‍ലാമോഫോബിക് സ്വഭാവത്തിലുള്ളതുമായ ആക്രമണങ്ങളെക്കുറിച്ച് അൽ സഈദ് സംസാരിച്ചിരുന്നു. തന്റെ പേരും മതവിശ്വാസവും ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യം ആക്രമണങ്ങൾ തുടങ്ങിയതെന്നും പിന്നീട് ബന്ധങ്ങളുടെ പേരിൽ കുറ്റപ്പെടുത്താൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്ഷ്യൻ വംശജനായ മുസ്‍ലിം അമേരിക്കക്കാരനും മിഷിഗണിൽ ജനിച്ചയാളുമാണ് അൽ സഈദ്.

Tags:    
News Summary - Democrat Abdul El-Sayed wins in Michigan Senate battle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.