തെഹ്റാൻ: ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കുകയാണെന്ന വിമർശനങ്ങൾക്കും ഉപരോധങ്ങൾക്കുമിടെ ബഹിരാകാശ പദ്ധതികൾ ഊർജിതമാക്കി ഇറാൻ. ആഭ്യന്തരമായി വികസിപ്പിച്ച റോക്കറ്റ് ഉപയോഗിച്ച് വിജയകരമായി ഉപഗ്രഹം വിക്ഷേപിച്ചു.
സെംനാൻ പ്രവിശ്യയിലുള്ള ഇമാം ഖുമൈനി ബഹിരാകാശ വിക്ഷേപണ ടെർമിനലിൽനിന്നായിരുന്നു വിക്ഷേപണം. ഉപഗ്രഹം 410 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിയതായി ഇറാന്റെ ബഹിരാകാശ ഗവേഷണ കേന്ദ്രം അറിയിച്ചു. ഫഖ്ർ-1 ചെറു ഉപഗ്രഹത്തിനും ഗവേഷണത്തിനുള്ള പ്ലേലോഡിനുമൊപ്പമാണ് സമാൻ-1 ഉപഗ്രഹം വിക്ഷേപിച്ചത്. ഇറാന്റെ പ്രതിരോധ വിഭാഗം വികസിപ്പിച്ച സിമോർഗ് റോക്കറ്റിലാണ് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചത്.
സിമോർഗിന്റെ സഹായത്തോടെ എട്ടാമത്തെ വിക്ഷേപണമാണിത്. ഒന്നിൽ കൂടുതൽ ഉപഗ്രഹങ്ങൾ വഹിക്കാൻ സിമോർഗിനുള്ള ശേഷി പരീക്ഷിക്കുകയായിരുന്നു വിക്ഷേപണത്തിന്റെ ലക്ഷ്യം. നിരവധി തവണ സിമോർഗ് വിക്ഷേപണം പരാജയപ്പെട്ട ശേഷമാണ് ഇറാൻ പുതിയ നേട്ടം കൈവരിക്കുന്നത്. ഇസ്രായേൽ ഗസ്സ ആക്രമണം രൂക്ഷമാക്കുകയും ലബനാനിൽ വെടിനിർത്തൽ ചട്ടം ലംഘിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഉപഗ്രഹ വിക്ഷേപണം. യു.എൻ പ്രമേയം ലംഘിച്ചാണ് ഇറാന്റെ ഉപഗ്രഹ വിക്ഷേപണ പദ്ധതികളെന്ന് യു.എസ് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.