തെഹ്‌റാൻ: പശ്ചിമേഷ്യൻ അനിശ്ചിതത്വം തുടരുന്നതിനിടെ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽനിന്ന് ആദ്യമായി ടോൾ സ്വീകരിച്ച് ഇറാൻ. ഉപരോധത്തെത്തുടർന്ന് തടഞ്ഞുവെച്ച ചരക്കുനീക്കത്തിനിടെ പിരിച്ചെടുത്ത തുക സെൻട്രൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായി ഇറാൻ പാർലിമെന്റ് ഡെപ്യൂട്ടി സ്പീക്കർ ഹമീദ് റസ ഹാജിബാബയി അറിയിച്ചു. തസ്‌നീം വാർത്ത ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിലവിൽ കടലിടുക്കിലൂടെ സുഹൃദ് രാജ്യങ്ങലുടെ കപ്പലുകൾ വ്യക്തമായ പരിശോദനക്കുശേഷം മാത്രമേ കടത്തിവിടുന്നുള്ളൂ. യുദ്ധത്തിനുശേഷം ഹുർമുസ് കപ്പൽ ഗതാഗതത്തിൽ ടോൾ ഏർപ്പെടുത്താൻ ഇറാനിയൻ പാർലമെന്റ് ബിൽ പാസാക്കിയിരുന്നു. എന്നാൽ, മാർച്ച് 30നായിരുന്നു ഈ പദ്ധതികൾക്ക് പാർലമെന്റിന്റെ സുരക്ഷാ കമ്മിറ്റി ടോൾ അംഗീകാരം നൽകിയത്. അതിനുശേഷമാണ് കഴിഞ്ഞ ദിവസം മുതൽ നിയന്ത്രണങ്ങൾ മറികടക്കുന്ന കപ്പലുകൾ പിടിച്ചെടുക്കൽ ഇറാൻ ആരംഭിച്ചിട്ടുണ്ട്.
രണ്ട് കപ്പലുകൾ തങ്ങളുടെ നാവികസേന തടഞ്ഞുവെച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡും അറിയിച്ചു. പനാമ ഫ്ലാഗ് ചെയ്ത 'എം.എസ്.സി ഫ്രാൻസെസ്ക', ലൈബീരിയൻ ഫ്ലാഗ് ചെയ്ത 'എപാമിനോണ്ടാസ്' എന്നീ കപ്പലുകളാണ് ഹുർമുസ് കടലിടുക്ക് വഴി രഹസ്യമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയത്. യുദ്ധം തുടങ്ങിയശേഷം ആദ്യമായാണ് ഇറാൻ സൈന്യം കപ്പലുകൾ ഔദ്യോഗികമായി പിടിച്ചെടുക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ എണ്ണക്കപ്പൽ അമേരിക്കൻ സൈന്യം തടഞ്ഞതിനെത്തുടർന്നാണ് ഈ നടപടി.
വെടിനിർത്തൽ തുടരുന്നുണ്ടെങ്കിലും ചർച്ചകൾ വഴിമുട്ടിനിൽക്കുന്നതിനാൽ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് അസാധ്യമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി. അമേരിക്കയും ഇസ്രായേലും വെടിനിർത്തൽ കരാറുകൾ ലംഘിക്കുകയാണെന്നും ലോക സമ്പദ്‌വ്യവസ്ഥയെ ബന്ദിയാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സൈനിക ആക്രമണത്തിലൂടെയോ ഭീഷണിയിലൂടെയോ ഇറാന്റെ മേൽ ആധിപത്യം സ്ഥാപിക്കാമെന്ന് അമേരിക്ക കരുതേണ്ടെന്ന് എക്സ് അകൗണ്ടിലൂടെ അദ്ദേഹം കുറിച്ചു.
ലോകത്തെ എണ്ണവാതക നീക്കത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് ഫെബ്രുവരി 28ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതുമുതൽ ഇറാന്റെ നിയന്ത്രണത്തിലാണ്. നിലവിൽ ഈ വഴി കപ്പലുകൾ കടത്തിവിടുന്നത് ഇറാൻ കർശനമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.