സിൻജോർ (ഇന്തോനേഷ്യ): കാറ്റ് വന്നു തന്നെ ഗർഭിണിയാക്കിയെന്ന വിചിത്രവാദവുമായി ഇന്തോനേഷ്യൻ യുവതി. 25 വയസ്സുകാരിയായ സിതി സൈനയാണ് വിചിത്രവാദവുമായി രംഗത്തെത്തിയിട്ടുള്ളത്.
'വീട്ടിലെ സ്വീകരണ മുറിയിൽ പ്രാർഥന കഴിഞ്ഞ് കമിഴ്ന്നു കിടക്കുകയായിരുന്നു താൻ. പെട്ടെന്ന് വീടിന് മുകളിലൂടെ ശക്തിയായി കാറ്റടിച്ചു. കാറ്റ് യോനിയിലൂടെ ഉള്ളിൽ പ്രവേശിച്ചു. 15 നിമിഷങ്ങൾക്കുള്ളിൽ വയറിൽ വേദന അനുഭവപ്പെടാൻ തുടങ്ങി. പെട്ടെന്ന് തന്നെ അടുത്തുള്ള കമ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അവിടെ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.'- ഇതാണ് സിതിയുടെ വാദം.
തെക്കൻ ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ ജാവയിലെ സിൻജോർ പട്ടണത്തിലാണ് സിതി സൈന താമസിക്കുന്നത്. വിധവയായ ഇവർക്ക് ഒരു കുട്ടിയുമുണ്ട്.
ഒരാഴ്ച മുൻപ് ഇവർ ആരോഗ്യമുള്ള പെൺകുഞ്ഞിന് ജന്മം നൽകിയതായി അധികൃതർ സ്ഥിരീകരിച്ചു. കുഞ്ഞിന് 2.9 കിലോ തൂക്കമുണ്ട്. സുഖപ്രസവമായിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ ജനപ്രതിനിധികൾ ഇവരുടെ വീട് സന്ദർശിച്ചു. അധികൃതർ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
പ്രസവ വേദന വരുന്നത് വരെ താൻ ഗർഭിണിയാണെന്ന് അറിയാത്തതാവും ഇത്തരത്തിലുള്ള തോന്നലിന് കാരണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ അനുമാനം. ക്രിപ്റ്റിക് പ്രെഗ്നൻസി എന്നാണ് ഇതിനു പറയുന്നത്. യുവതി ഉന്നയിച്ച പോലുള്ള അബദ്ധ വാദങ്ങൾ ജനങ്ങൾക്കിടയിൽ പരക്കുന്നത് തങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും ആരോഗ്യ വിഭാഗം പറഞ്ഞു.
37 ആഴ്ച പ്രായമുള്ള കുട്ടിക്ക് ജന്മം നൽകുന്നതുവരെ താൻ ഗർഭിണിയാണെന്ന് മനസ്സിലാക്കാനാകാത്ത സംഭവം കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലെ വെസ്റ്റ് സസക്സിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇവർ സ്ഥിരമായി ഗർഭനിരോധന ഗുളികകൾ കഴിച്ചിരുന്നതായാണ് പറയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.