അരിന്ദം ബാഗ്ചി

യുക്രെയ്നിലേക്ക് ഇന്ത്യ വൈദ്യസഹായമെത്തിക്കും; 1,400 പേരെ തിരികെയെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യ യുക്രെയ്നിലേക്ക് മരുന്ന് അയക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി തിങ്കളാഴ്ച അറിയിച്ചു. ആറ് വിമാനങ്ങളിലായി യുക്രെയ്നിൽ കുടുങ്ങിക്കിടന്ന 1400 ഇന്ത്യക്കാരെ തിരികെയെത്തിച്ചതായി അദ്ദേഹം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓപറേഷൻ ഗംഗയുടെ ഭാഗമായി നാല് വിമാനങ്ങൾ ബുക്കാറസ്റ്റിൽ നിന്നും രണ്ടെണ്ണം ബുഡാപെസ്റ്റിൽ നിന്നുമാണ് ഇന്ത്യയിലെത്തിയത്.

കിയവിലെ ഇന്ത്യൻ എംബസി നൽകിയ ആദ്യ മുന്നറിയിപ്പിന് പിന്നാലെ ഏകദേശം 8,000 ഇന്ത്യൻ പൗരന്മാർ യുക്രെയ്ൻ വിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ അടുത്ത 24 മണിക്കൂറിനുള്ളിൽ മൂന്ന് വിമാനങ്ങൾ കൂടി ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'വിമാനങ്ങൾ ഒരു നിയന്ത്രണമല്ല, പ്രധാന ശ്രദ്ധ ഇന്ത്യക്കാർ അതിർത്തി കടന്ന് സുരക്ഷിതമായ സ്ഥലത്ത് എത്തുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ്'-അരിന്ദം ബാഗ്ചി കൂട്ടിച്ചേർത്തു.

യുക്രെയ്ൻ അതിർത്തിയിലുള്ള നാല് രാജ്യങ്ങളിലേക്ക് പ്രത്യേക ദൂതന്മാരെ വിന്യസിക്കാനും തീരുമാനിച്ചതായി അരിന്ദം ബാഗ്ചി പറഞ്ഞു. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ യുക്രെയ്നിലേക്കും കിരൺ റിജിജു സ്ലോവാക് റിപ്പബ്ലിക്കിലേക്കും ഹർദീപ് സിങ് പുരി ഹംഗറിയിലേക്കും ജനറൽ വി.കെ സിങ് പോളണ്ടിലേക്കും പോകും. യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരുടെ രക്ഷാദൗത്യത്തിന് മന്ത്രിമാർ മേൽനോട്ടം വഹിക്കും.

ഒഴിപ്പിക്കൽ നടപടികൾ സുഗമമാക്കുന്നതിന്റെ ഭാഗമായി കിയവ്, ബുക്കാറസ്റ്റ്, ബുഡാപെസ്റ്റ്, വാഴ്സോ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികൾ ബസുകൾ ഏർപാടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾ അടുത്തുള്ള നഗരങ്ങളിൽ അഭയം തേടുന്നതാണ് നല്ലതെന്നും ബന്ധപ്പെട്ട എംബസിയുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ അതിർത്തിയിലേക്ക് നീങ്ങാവൂ എന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - India to send medical aid to Ukraine Ministry of External Affairs says nearly 1,400 Indians evacuated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.