‘ഇന്ത്യക്കാർ ജാഗ്രത പാലിക്കുക’; ഇസ്രായേൽ ആക്രമണത്തിനു പിന്നാലെ ഇറാനിലെ ഇന്ത്യൻ എംബസ്സിയുടെ മുന്നറിയിപ്പ്

തെഹ്റാൻ: ഇസ്രായേലിന്‍റെ വ്രോമാക്രമണത്തിനു പിന്നാലെ ഇറാനിലെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് തെഹ്റാനിലെ ഇന്ത്യൻ എംബസ്സി മുന്നറിയിപ്പ് നൽകി. പ്രാദേശിക അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പാലിക്കണം. അനാവശ്യമായി പുറത്തിറങ്ങരുത്. എംബസ്സി നൽകുന്ന അപ്ഡേറ്റുകൾ ഫോളോ ചെയ്യണമെന്നും ഇന്ത്യൻ എംബസ്സി എക്സിൽ കുറിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് തെഹ്റാനിലെ ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്.

ഇറാനുനേരെ സൈനിക നടപടി ആരംഭിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചിരുന്നു. തെഹ്റാനിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും കുട്ടികൾ ഉൾപ്പെടെ മരിച്ചതായും ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു. പിന്നാലെ ജനവാസ കേന്ദ്രങ്ങളിൽ കെട്ടിടങ്ങൾ ഭാഗികമായി തകർന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇറാൻ ആക്രമണത്തിനു പിന്നാലെ ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ ഇസ്രായേലിലെ ഇന്ത്യൻ എംബസ്സിയും ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാനെ ഇസ്രായേൽ ആക്രമിക്കുമെന്ന് നേരത്തെ വന്ന റിപ്പോർട്ടുകളെ ശരിവെച്ചുകൊണ്ടാണ് പുലർച്ചെ ആക്രമണമുണ്ടായത്. ഇസ്രായേലിന്‍റേത് ഏകപക്ഷീയമായ നടപടിയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പ്രതികരിച്ചു. യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച രാവിലെ ദേശീയ സുരക്ഷ കൗൺസിലിന്‍റെ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഇറാൻ റവല്യൂഷനറി ഗാർഡിന്‍റെ ചീഫ് കമാൻഡർ മേജർ ജനറൽ ഹുസൈൻ സലാമി ഉൾപ്പെടെയുള്ളവർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ഇസ്രായേലിന്റെ ആണവ പദ്ധതി രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്തെന്നും വൈകാതെ പുറത്തുവിടുമെന്നും കഴിഞ്ഞദിവസം ഇറാന്‍ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ ആക്രമണ ശേഷിയെ ശക്തിപ്പെടുത്തുന്ന 'രഹസ്യങ്ങളുടെ ശേഖരം' എന്നാണ് അവയെ വിശേഷിപ്പിച്ചത്. ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖത്തീബ് സ്റ്റേറ്റ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് വെല്ലുവിളി നടത്തിയത്. ഇറാനിൽ ഇസ്രായേൽ ആക്രമണമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് മിഡിൽ ഈസ്റ്റിലുള്ള നയതന്ത്ര പ്രതിനിധികളെ ഭാഗികമായി യു.എസ് പിൻവലിച്ചിരുന്നു.

Tags:    
News Summary - India issues advisory for citizens in Iran after Israeli strikes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.