'നാലുതവണ വെടി​യേറ്റു, ശ്രമം മത തീവ്രവാദി ഇംറാൻ ഖാനെ കൊന്നുവെന്ന് വരുത്തിത്തീർക്കുക' -ഇംറാൻ

ലാഹോർ: വ്യാഴാഴ്ച നടന്ന വധശ്രമത്തിനിടെ തനിക്ക് നാല് തവണ വെടിയേറ്റുവെന്ന് പാക് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. മത തീവ്രവാദത്തിന്റെ പേരുപയോഗിച്ചാണ് പഞ്ചാബിലെ വാസിരാബാദിൽ വധശ്രമം നടത്തിയത്. തന്നെ വധിക്കാൻ പദ്ധതിയുണ്ടെന്ന് ആക്രമണത്തിന് ഒരു ദിവസം മുമ്പേ അറിഞ്ഞിരുന്നു. വാസിരാബാദിലോ ഗുജറാത്തിലോ വെച്ചായിരിക്കും അതുണ്ടാവുക എന്നും താൻ അറിഞ്ഞതാ​ണെന്നും ഇംറാൻ ഖാൻ പറഞ്ഞു. ഇംറാൻ ലാഹോറിലെ ആശുപത്രിയിൽ നിന്ന് പാർട്ടി പ്രവർത്തകർക്ക് നൽകിയ വിഡിയോ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ആദ്യം അവർ എനിക്കെതിരെ മതനിന്ദാക്കുറ്റമാണ് ആരോപിച്ചത്. അവർ അതിനായി ടേപ്പുകൾ ഉണ്ടാക്കി റിലീസ് ചെയ്തു. ഭരണകക്ഷിയായ പി.എം.എൽ.എൻ അതിന് പ്രചാരണം നൽകി. ഇതൊക്കെ ആരാണ് ചെയ്യുന്നതെന്ന് എനിക്കറിയാം. ഇതൊരു ഡിജിറ്റൽ ലോകമാണ്. ഇത്തരം കാര്യങ്ങൾ കണ്ടെത്തുന്നത് വളരെ എളുപ്പമാണെന്നും ഇംറാൻ ഖാൻ പറഞ്ഞു.

ആദ്യം പ്രചരിപ്പിച്ചത് ഞാൻ മതത്തെ ബഹുമാനിക്കുന്നില്ലെന്നായിരുന്നു. അതിനു ശേഷം അവരുടെ പദ്ധതിയായിരുന്നു വാസിരാബാദിൽ നടപ്പാക്കിയത്. 'മത തീവ്രവാദി ഇംറാൻ ഖാനെ കൊന്നു' എന്ന് വരുത്തിത്തീർക്കുക എന്നതായിരുന്നു പദ്ധതി. - ഇംറാൻ ആരോപിച്ചു.

ആക്രമണത്തിൽ ഇംറാന്റെ അണികളിൽ ഒരാൾ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

എനിക്ക് നാല് വെടിയുണ്ടകളേറ്റു-ശസ്ത്രക്രിയാ പാടുകൾ ചൂണ്ടിക്കാട്ടി ഇംറാൻ പറഞ്ഞു. വീൽ ചെയറിൽ ഇരുന്ന് ആശുപത്രിയിൽ ഉപയോഗിക്കുന്ന നീല ഡ്രസോടു കൂടിയാണ് ഇംറാൻ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.

നാലു പ്രതികളുണ്ടെന്ന് ഇംറാൻ ഖാൻ ആരോപിച്ചു. വെടിവെച്ചയാളെയും പ്രതികളെന്ന് സംശയിക്കുന്ന മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി സ്വയംകുറ്റം ചെയ്തതാണെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇംറാൻ ഖാൻ ആളുകളെ ഇസ്‍ലാമിൽ നിന്ന് അകറ്റുകയും സ്വയം പ്രവാചകനായി അവകാശപ്പെടുകയും ചെയ്യുന്നതിൽ താൻ അസ്വസ്ഥനാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

എന്നാൽ തന്നെ കൊല്ലാനായി നാലുപേർ തയാറായി നിന്നിരുന്നു. ഇവരുടെ പേരുകൾ പറഞ്ഞുകൊണ്ട് വിഡിയോ റെക്കോർഡ് ചെയ്തുവെച്ചിട്ടുണ്ടെന്നും അനുചിതമായതത് എന്തെങ്കിലും സംഭവിച്ചാൽ വിഡിയോ പുറത്തുവിടുമെന്നും ഇംറാൻ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Imran Khan, In Wheelchair With Leg In Cast, Says "Shot 4 Times"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.