ഇസ്ലാമാമാബാദിൽ നടന്ന വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനുപിന്നാലെ യുദ്ധം വീണ്ടും കൊടുമ്പിരികൊണ്ടിരിക്കുന്നു. ഇറാഖിന്റെ എക്കാലത്തേയും ശക്തനായ കരുത്തുറ്റ പോരാളിയായ അബൂ അസ്രാഈൽ (മരണദൂതൻ) എന്ന വിളിപ്പേരുള്ള സൈനിക കമാൻഡർ തെഹ്റാനിൽ ഇറങ്ങിയതായാണ് പുതിയ റിപ്പോർട്ടുകൾ. ഇറാനിലെ സൈനികസേന ഇസ്‍ലാമിക് റെവല്യൂഷനറി ഗാർഡുമായി സഹകരിച്ചുപ്രവർത്തിക്കാനാണ് ‘മരണദൂതൻ’ തെഹ്റാനിലെത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. നിലവിലെ ഇറാനിലെ ആഭ്യന്തര പ്രശ്നങ്ങൾ നേരിടാനും, അമേരിക്കൻ സേനയുടെ നീക്കങ്ങളെ പ്രതിരോധിക്കാനും ഭരണകൂടത്തെ സഹായിക്കുന്നതിന് അദ്ദേഹം എത്തുന്നതോടെ യുദ്ധത്തിന് പുതിയ മാനം കൈവരുമെന്ന് പറയപ്പെടുന്നു.
ഐ.ആർ.ജിസി പിന്തുണയുള്ള ഇറാഖ് രാഷ്ട്രസേനയുടെ കമാൻഡറും, ആയത്തുള്ള ഖാംനഈയുടെയും ഇറാൻ ഭരണകൂടത്തിന്റെയും കടുത്ത അനുയായിയുമാണ് മരണദൂതൻ എന്ന് വിളിപ്പേരുള്ള അയ്യൂബ് ഫാലിഹ് ഹസൻ അൽ റുബ. 1978ൽ ഇറാഖിൽ ജനിച്ച അദ്ദേഹം മുമ്പ് ഒരു സർവകലാശാല അധ്യാപകനും തായ്‌കൊണ്ടോ ചാമ്പ്യനുമായിരുന്നു. 2003ലെ ഇറാഖ് അധിനിവേശ സമയത്ത് യു.എസ് സേനയ്‌ക്കെതിരെ 'മഹ്ദി ആർമി'ക്കൊപ്പം ചേർന്ന് ആദ്യമായി ആയുധമെടുത്തതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഇറാൻ പിന്തുണയുള്ള ഇറാഖിലെയും സിറിയയിലെയും രാഷ്ട്രസേനകളിൽ ഉന്നത പദവിയിലെത്തി. സിറിയയിലും ഇറാഖിലും ഐ.എസ്.ഐ.എസിനെതിരെ പോരാടിയ 'പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സിലെ' ഏറ്റവും ഭയപ്പെടുത്തുന്ന കമാൻഡർമാരിൽ ഒരാളായി അദ്ദേഹം മാറി.
ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം ഇതിനോടകം 1,500ലധികം ഐ.എസ് ഭീകരരെ വധിച്ചിട്ടുണ്ട്. ഐ.എസിനെതിരെ സന്ധിയില്ലാ സമരം തീർത്ത് പോരാടിയതിന് ശിയ സേനയായ ഇമാം അലി ബ്രിഗേഡാണ് ഇദ്ദേഹത്തിന് 'മരണദൂതൻ' എന്ന വിളിപ്പേര് നൽകിയത്. അഞ്ച് കുട്ടികളുടെ പിതാവ് കൂടിയാണ് അദ്ദേഹം.
ഇറാനിൽ സംഭവിച്ചേക്കാവുന്ന, യു.എസ് അധിനിവേശത്തെ പ്രതിരോധിക്കാൻ പദ്ധതികൾ മെനഞ്ഞ് ഇറാൻ വിപ്ലവ ഗാർഡുമായി പ്രവർത്തിക്കുന്നതിനായാണ് ഇറാഖിൽ അമേരിക്കക്കാർക്കെതിരെ പോരാടിയ അബൂ അസ്രാഈൽ തെഹ്റാനിലെത്തിയത്..
ശത്രുക്കളോടുള്ള ക്രൂരമായ യുദ്ധമുറകളിലൂടെ വിമർശനങ്ങൾക്കും പാത്രമായിരുന്നു. വാളുകളും മഴുവും ഉപയോഗിച്ച് മനുഷ്യരുടെ കഴുത്തറുക്കുന്നതും തടവുകാരെ ജീവനോടെ തീയിട്ടു കൊല്ലുന്നതും, ക്രൂരമായ പീഡനങ്ങളിലൂടെ ശത്രുക്കളെ കൊലപ്പെടുത്തുന്നതുമായ വിഡിയോകളിലൂടെ കുപ്രസിദ്ധനായ വ്യക്തിയാണദ്ദേഹം. "ഇല്ല താഹിൻ" (നിങ്ങളെ ഞാൻ പൊടിപൊടിയാക്കും അല്ലെങ്കിൽ ചാരമാക്കും) എന്നതാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം. ഒരു പോരാളിയുടെ മൃതദേഹം തീയിട്ടു നശിപ്പിക്കുന്ന വിഡിയോ കണ്ടതിനുശേഷം, അദ്ദേഹത്തിന്റെ സ്വന്തം കമാൻഡറായ ഖതൈബ് അൽ-ഇമാം അലി പോലും അദ്ദേഹത്തെ തള്ളിക്കളഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.