തെൽ അവിവ്: ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി വരുകയായിരുന്ന കപ്പലിനുനേരെ ആക്രമണം. ഗസ്സ ഫ്രീഡം ഫ്ലോട്ടില്ലയുടെ കപ്പലിലാണ് ഡ്രോൺ ആക്രമണം നടന്നത്. വെള്ളിയാഴ്ച കപ്പൽ മാൾട്ട തീരത്ത് എത്തിയപ്പോഴാണ് ഡ്രോൺ ഇടിച്ചത്. കപ്പലിൽ 12 ജീവനക്കാരും നാലു യാത്രക്കാരുമാണുണ്ടായിരുന്നത്. ആർക്കും പരിക്കില്ലെന്ന് മാൾട്ട സർക്കാർ അറിയിച്ചു. ഇസ്രായേൽ ആക്രമണത്തെ തുടർന്ന് പട്ടിണിയിലായ ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷ്യവസ്തുക്കളുമായി വരുകയായിരുന്നു കപ്പൽ. മാൾട്ടയിൽനിന്ന് 25 കിലോമീറ്റർ അകലെയാണ് കപ്പലിൽള്ളത്.
കപ്പലിൽ രണ്ട് സ്ഫോടനവും തീപിടിത്തവുമുണ്ടായെന്ന് ജീവനക്കാർ അറിയിച്ചതായി സന്നദ്ധ സംഘടനയായ കോഡ്പിങ്കിന്റെ തലവനായ ചാർലി ആൻഡേർസൺ പറഞ്ഞു. ജീവനക്കാർ സുരക്ഷിതരാണെങ്കിലും ജനറേറ്ററിൽ ഇടിച്ചതിനാലും നിശ്ചലമായതിനാലും കപ്പൽ മുങ്ങാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തെ കുറിച്ച് ഇസ്രായേൽ പ്രതികരിച്ചിട്ടില്ല.
രണ്ടുമാസമായി ഗസ്സയിലേക്കുള്ള മുഴുവൻ ഭക്ഷ്യ സഹായ വിതരണവും ഇസ്രായേൽ തടഞ്ഞിരിക്കുകയാണ്. ഇതേത്തുടർന്ന് ഗസ്സ കടുത്ത പട്ടിണിയാണ് നേരിടുന്നത്. 2010ൽ ഉപരോധം ലംഘിച്ച് ഗസ്സയിലേക്ക് സഹായവുമായി എത്തിയ തുർക്കിയ കപ്പലായ മാവി മർമരയെ ഇസ്രായേൽ ആക്രമിച്ചിരുന്നു. ഒമ്പതുപേർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ഇസ്രായേൽ-തുർക്കിയ ബന്ധം വഷളായിരുന്നു.
വെള്ളിയാഴ്ച മാത്രം ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ 22 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ബുറൈജിൽ ഒരു കുടുംബത്തിലെ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. 19 മാസമായി ഇസ്രായേൽ തുടരുന്ന വംശഹത്യയിൽ 52,418 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.