ജെറുസലേം: കിഴക്കൻ ജെറുസലേമിലെ പഴയ നഗരത്തിൽ ഫ്രഞ്ച് കന്യാസ്ത്രീക്ക് നേരെ ഇസ്രായേൽ കുടിയേറ്റക്കാരന്റെ ക്രൂരമായ ആക്രമണം. ഏപ്രിൽ 27-ന് സിയോൺ പർവതത്തിന് സമീപമുള്ള സെനാക്കിൾ പരിസരത്തുവെച്ചാണ് സംഭവം നടന്നത്. ജെറുസലേമിലെ പ്രശസ്തമായ ഡൊമിനിക്കൻ ബിബ്ലിക്കൽ ആൻഡ് ആർക്കിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ കന്യാസ്ത്രീയെ 36-കാരനായ ഇസ്രായേൽ പൗരൻ ആക്രമിക്കുകയായിരുന്നു.
പിന്നിലൂടെ എത്തിയ അക്രമി കന്യാസ്ത്രീയെ ബലംപ്രയോഗിച്ച് തറയിലേക്ക് തള്ളിയിടുകയും തല നടപ്പാതയിൽ ഇടിച്ചുവീണ അവരെ ക്രൂരമായി ചവിട്ടുകയും ചെയ്തു. തലയ്ക്കും ശരീരത്തിനും പരിക്കേറ്റ കന്യാസ്ത്രീ നിലവിൽ ചികിത്സയിലാണ്. സമീപത്തുണ്ടായിരുന്ന രണ്ട് ഇസ്രായേലി വനിതകളും ഒരു പുരുഷനും ഇടപെട്ടാണ് കന്യാസ്ത്രീയെ കൂടുതൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഇവർക്കൊപ്പം സിയോൺ ഗേറ്റിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കന്യാസ്ത്രീയെ അക്രമി പിന്തുടർന്നെങ്കിലും പിന്നീട് പിൻവാങ്ങി.
സംഭവത്തിൽ വംശീയ വിദ്വേഷം മുൻനിർത്തിയുള്ള ആക്രമണം നടത്തിയെന്ന സംശയത്തിൽ 36-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്ത്യാനികൾ അന്ത്യത്താഴം കഴിച്ച സ്ഥലമെന്ന് വിശ്വസിക്കുന്ന 'അപ്പർ റൂമിനും' ജൂതന്മാർ ദാവീദ് രാജാവിന്റെ കല്ലറയെന്ന് വിശ്വസിക്കുന്ന സ്ഥലത്തിനും തൊട്ടടുത്താണ് ആക്രമണം നടന്നത്. ജെറുസലേമിൽ ക്രൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കും നേരെ തീവ്ര ഇസ്രായേൽ കുടിയേറ്റക്കാർ നടത്തുന്ന ആക്രമണങ്ങൾ വർധിക്കുന്നതിൽ ആഗോളതലത്തിൽ ആശങ്ക ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.