പാരിസ്: പതിനേഴുകാരനെ പൊലീസ് വെടിവെച്ചുകൊന്നതിന് പിന്നാലെ ഫ്രാൻസിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം രൂക്ഷമായി തുടരുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 875 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 200ഓളം പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
പാരിസിൽ കടകൾ കൊള്ളയടിച്ചു. രാജ്യത്തിെന്റ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് കാറുകൾക്ക് തീയിടുകയും ചെയ്തു. സമാധാനപാലനത്തിനായി 40,000ത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മാർസെയില്ലിയിൽ പൊതുപ്രകടനങ്ങൾക്ക് വിലക്കേർപ്പെടുത്തി. പാരിസിന് സമീപം ഓബർവില്ലിയേഴ്സിൽ ബസ് ഡിപ്പോക്ക് നേരെയും ആക്രമണമുണ്ടായി. 12 ബസുകൾ തീവെച്ച് നശിപ്പിച്ചു.
അക്രമം നീതീകരിക്കാനാവാത്തതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു. പ്രശ്നപരിഹാരത്തിനായി മന്ത്രിമാരുമായി അദ്ദേഹം അടിയന്തര കൂടിക്കാഴ്ച നടത്തി. അക്രമികൾ 492 കെട്ടിടങ്ങൾ തകർത്തതായും 2000ത്തിലേറെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചതായും പ്രസിഡന്റ് മക്രോൺ അടിയന്തര യോഗത്തെ അറിയിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, എല്ലാ സാധ്യതകളും തേടുന്നുണ്ടെന്ന് പ്രധാനമന്ത്രി എലിസബത്ത് ബോൺ പറഞ്ഞു. ക്രമസമാധാനം ഉറപ്പാക്കുന്നതിനാണ് മുഖ്യപരിഗണനയെന്നും അവർ പറഞ്ഞു.
അൽജീരിയൻ വംശജനായ നെഹാൽ എം എന്ന ഡെലിവറി ബോയിയെ ചൊവ്വാഴ്ചയാണ് പൊലീസ് വെടിവെച്ചുകൊന്നത്. കാർ നിർത്താനാവശ്യപ്പെട്ടിട്ടും അനുസരിക്കാതെ മുന്നോട്ട് പോയപ്പോൾ പൊലീസ് വെടിയുതിർക്കുകയായിരുന്നു. അതിനിടെ, നെഹാലിനെ വെടിവെച്ച പൊലീസ് ഉദ്യോഗസ്ഥൻ കുടുംബത്തോട് മാപ്പ് പറഞ്ഞു. നരഹത്യ കുറ്റം ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. പൊലീസുകാരൻ ആകെ തകർന്നിരിക്കുകയാണെന്ന് അദ്ദേഹത്തിെന്റ അഭിഭാഷകൻ പറഞ്ഞു.
2024 പാരിസ് ഒളിമ്പിക്സിന് മുന്നോടിയായി നിർമാണം നടന്നുകൊണ്ടിരിക്കുന്ന അക്വാറ്റിക് പരിശീലന കേന്ദ്രത്തിലും തീവെപ്പുണ്ടായി. സെന്ററിന് സമീപം നിർത്തിയിട്ട ബസുകളും അഗ്നിക്കിരയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.