സ്‌പെയിനിലെ പ്രമുഖ റസ്‌റ്ററന്റില്‍നിന്ന് 1.65 മില്യന്‍ യൂറോയുടെ (13 കോടി രൂപ) അമൂല്യമായ വൈന്‍ ബോട്ടിലുകള്‍ മോഷ്ടിച്ച കേസില്‍ മുന്‍ മെക്‌സിക്കന്‍ സൗന്ദര്യ റാണിയും സഹായിയും അറസ്റ്റില്‍. മെക്‌സിക്കോയില്‍ നടന്ന മുന്‍ മിസ് എര്‍ത്ത് സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത 29കാരിയായ പ്രിസില ലാറ ഗുവേരയാണ് അറസ്റ്റിലായത്. ഇവര്‍ രണ്ട് സൗന്ദര്യ മത്സരങ്ങളില്‍ കിരീടം നേടിയിട്ടുണ്ട്. ഇവരുടെ സഹായിയായ കോണ്‍സ്റ്റാന്റിന്‍ ഗിരയേല്‍ ഡുമിത്രു എന്ന റൊമാനിയന്‍ പൗരനും പിടിയിലായി. യൂറോപ്പിൽ ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിൽ ക്രൊയേഷ്യയില്‍വെച്ചാണ് പ്രതികൾ പിടിയിലായത്.
2021 ഒക്‌ടോബര്‍ 27നാണ് കാസെറസ് നഗരത്തിലെ പ്രശസ്തമായ എല്‍ ആട്രിയോ റസ്‌റ്ററന്റിൽ മോഷണം നടന്നത്. ഇവിടത്തെ വൈന്‍ സെല്ലാര്‍ ഏറെ പ്രശസ്തമാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യമായ വൈനുകളടക്കം സൂക്ഷിച്ച ഇവിടുത്തെ സെല്ലാര്‍ സഞ്ചാരികളുടെ അടക്കം ആകര്‍ഷണ കേന്ദ്രമാണ്. 45 വൈന്‍ ബോട്ടിലുകലാണ് ഇരുവരും ചേർന്ന് കൈക്കലാക്കിയത്. 3,10,000 യൂറോ വില വരുന്ന 19ാം നൂറ്റാണ്ടിലെ വൈന്‍ അടക്കമാണ് ഇവര്‍ കടത്തിയത്.
അതിവിദഗ്ധമായായിരുന്നു മോഷണം. 29കാരിയായ പ്രിസിലയും 47കാരനായ സഹായിയും ഇവിടെ താമസിക്കാന്‍ എത്തുകയും സെല്ലാറിലെ ജീവനക്കാരെ യുവതി തന്റെ സൗന്ദര്യം കൊണ്ട് ആകര്‍ഷിച്ച് ശ്രദ്ധ മാറ്റുകയും ചെയ്തു. ഈ സമയം, സഹായി ആരുമറിയാതെ സെല്ലാറിലേക്ക് കടന്നുകയറി വിലപിടിപ്പുള്ള വൈന്‍ ബോട്ടിലുകള്‍ അടിച്ചു മാറ്റി മുറിയിലേക്ക് കൊണ്ടുവരികയായിരുന്നു. ടവലുകളില്‍ ഇവ പൊതിഞ്ഞ ശേഷം, അതിരാവിലെ ഇവ ബാഗിലാക്കി പുറത്തു കടത്തി. കോടിക്കണക്കിന് രൂപയുടെ വൈന്‍ ബോട്ടിലുകള്‍ മോഷണം പോയ സംഭവം ഏറെ ചര്‍ച്ചയായിരുന്നു.
ഒരു വര്‍ഷമായി കവര്‍ച്ച സംഘത്തിനു വേണ്ടി പൊലീസ് അന്വേഷണം തുടരുകയായിരുന്നു. യൂറോപ്പിലാകെ മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്. ഇവര്‍ കുറ്റം സമ്മതിച്ചതായി സ്പാനിഷ് പൊലീസ് അറിയിച്ചു. ആസൂത്രണത്തിനായി ഇവര്‍ മൂന്ന് തവണ മോഷണം നടത്തിയ ഹോട്ടല്‍ സന്ദര്‍ശിച്ചിരുന്നു. മൂന്നാമത്തെ തവണ തട്ടിയെടുത്ത സെല്ലാറിന്റെ മാസ്റ്റര്‍ കീകളിലൊന്ന് ഉപയോഗിച്ചായിരുന്നു മോഷണം. മെക്‌സിക്കോയില്‍ സൗന്ദര്യ മത്സരത്തില്‍ കിരീടം നേടിയ ശേഷം യുവതി പരസ്യ മോഡലായി ജോലി ചെയ്യുകയായിരുന്നുവെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.