വാഷിങ്ടൺ: യു.എസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) ഡയറക്ടർ കാഷ് പട്ടേലിന്റെ സ്വകാര്യ ഇമെയിൽ അക്കൗണ്ട് ഇറാൻ ബന്ധമുള്ള ഹാക്കർമാർ ചോർത്തി. 'ഹന്ദാല ഹാക്ക് ടീം' എന്ന പേരിൽ അറിയപ്പെടുന്ന സംഘമാണ് ഹാക്കിങ്ങിന് പിന്നിൽ. യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഏറ്റവും വിശ്വസ്തനാണ് ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ. ഇദ്ദേഹത്തിന്‍റെ ഇമെയിലിൽ നിന്നുള്ള ചില സ്വകാര്യ ഇമെയിലുകളും ചിത്രങ്ങളും രേഖകളും ഹാക്കർമാർ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചു.
തങ്ങളുടെ ഇരകളുടെ പട്ടികയിൽ ഇനി കാഷ് പട്ടേലിന്റെ പേരും ഉണ്ടാകുമെന്ന് ഹാക്കർമാർ പ്രഖ്യാപിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സും സി.എൻ.എന്നും വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ എഫ്.ബി.ഐയോ യു.എസ് നീതിന്യായ വകുപ്പോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പത്തു വർഷത്തിലേറെ പഴക്കമുള്ള രേഖകളാണ് ഹാക്കർമാർ പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ പട്ടേലിന്റെ വിദേശ യാത്രകൾ, ബിസിനസ് ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട ഇമെയിലുകളുണ്ട്. സ്പോർട്സ് കാറിന് സമീപം നിൽക്കുന്നതും, പുക വലിക്കുന്നതും, മദ്യ കുപ്പിയുമായി കണ്ണാടിക്ക് മുന്നിൽ നിൽക്കുന്നതുമായ പട്ടേലിന്റെ സ്വകാര്യ ചിത്രങ്ങളും സംഘം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.
2025ൽ എഫ്.ബി.ഐയുടെ ഒമ്പതാമത് ഡയറക്ടറായി ചുമതലയേറ്റ കാഷ് പട്ടേൽ തുടക്കം മുതൽ വിവാദങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിയാണ്. ഫെഡറൽ ഏജൻസിയെ വ്യക്തിപരമായ ആവശ്യങ്ങൾക്കും പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കുമായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം ഇദ്ദേഹത്തിനെതിരെ ശക്തമാണ്. ഫലസ്തീൻ അനുകൂല സൈബർ പോരാളികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന 'ഹന്ദാല' സംഘം മുമ്പ് പ്രമുഖ മെഡിക്കൽ കമ്പനിയായ സ്ട്രൈക്കറിന് നേരെയും ആക്രമണം നടത്തിയിരുന്നു. ഇറാൻ ഇന്റലിജൻസുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് പാശ്ചാത്യ ഗവേഷകരുടെ നിഗമനം.
മിനാബിലുള്ള സ്കൂളിന് നേരെ യു.എസ്-ഇസ്രായേൽ സഖ്യം നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഈ നീക്കമെന്ന് ഹാക്കർമാർ അവകാശപ്പെട്ടു. 170ലധികം വിദ്യാർഥിനികൾ കൊല്ലപ്പെട്ട സംഭവത്തിന് ശേഷം സൈബർ യുദ്ധത്തിന്റെ പുതിയ അധ്യായം കുറിക്കുകയാണെന്ന് ഇവർ മുന്നറിയിപ്പ് നൽകി. യു.എസ്-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാശ്ചാത്യ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് നേരെ ആക്രമണം കടുപ്പിക്കുമെന്നും ഇറാൻ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.