40 വര്‍ഷത്തിനിടെ 58 ശതമാനം കുറവ് ജന്തുലോകം വംശനാശത്തിന്‍െറ വക്കിലോ?

ലണ്ടന്‍: ആറരക്കോടി വര്‍ഷം മുമ്പ് ഭൂമുഖത്തുനിന്ന് ദിനോസറുകള്‍ നാമാവശേഷമായതിനു സമാനമായ സ്ഥിതിവിശേഷത്തിലൂടെയാണോ നാം കടന്നുപോകുന്നത്? സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനും ഡബ്ള്യു.ഡബ്ള്യു.എഫും ചേര്‍ന്നു നടത്തിയ പഠനം (ദി ലിവിങ് പ്ളാനറ്റ് അസസ്മെന്‍റ്) അതിലേക്കാണ് സൂചന നല്‍കുന്നത്. കഴിഞ്ഞ 40 വര്‍ഷത്തിനിടെ, ജീവജാലങ്ങളുടെ എണ്ണത്തില്‍ 58 ശതമാനത്തിന്‍െറ കുറവ് വന്നുവെന്ന് ഈ പഠനം വ്യക്തമാക്കുന്നു. ഈ നില തുടര്‍ന്നാല്‍ 2020ഓടെ നട്ടെല്ലുള്ള ജീവിവര്‍ഗങ്ങളുടെ എണ്ണം മൂന്നില്‍ രണ്ടായി കുറയുമെന്നും പഠനത്തിലുണ്ട്. തടാകങ്ങള്‍, നദികള്‍, നീര്‍ത്തടങ്ങള്‍ തുടങ്ങിയ ആവാസമേഖലകളില്‍ താമസിക്കുന്ന ജീവിവര്‍ഗങ്ങളാണത്രെ ഏറ്റവും വലിയ ഭീഷണി നേരിടുന്നത്. ദിനോസറുടെ വംശനാശത്തിന് കാരണമായി കരുതപ്പെടുന്നത് ഭൂമിയിലേക്കുള്ള ഭീമന്‍ ഉല്‍ക്കാപതനമാണ്. എന്നാല്‍, അരനൂറ്റാണ്ടിനിടെയുള്ള ജീവിവര്‍ഗങ്ങളുടെ വലിയ കുറവിന് കാരണം മനുഷ്യന്‍െറ പ്രത്യക്ഷ ഇടപെടലുകളും അതിന്‍െറ അനന്തരഫലമായുണ്ടായ കാലാവസ്ഥാ വ്യതിയാനവുമാണ്. വംശനാശത്തിന്‍െറ നിരക്ക് കരുതിയതിനേക്കാളും 100 മടങ്ങാണെന്നും പഠനത്തില്‍ പ്രത്യേകം പറയുന്നുണ്ട്.

3706 ജീവിവര്‍ഗങ്ങളെയാണ് ഗവേഷകള്‍ നിരീക്ഷണവിധേയമാക്കിയത്. 1970നും 2012നും ഇടയിലുള്ള കാലത്തെ എണ്ണമാണ് പഠനത്തിനായി പരിഗണിച്ചത്.
ഏറ്റവും സമഗ്രവും ശാസ്ത്രീയവുമായ പഠനമെന്നാണ് ഇതിനെ സുവോളജിക്കല്‍ സൊസൈറ്റിയും ഡബ്ള്യു.ഡബ്ള്യു.എഫും വിശേഷിപ്പിക്കുന്നത്. നേരിട്ടുള്ള നിരീക്ഷണങ്ങള്‍ക്കു പുറമെ, വിവിധ സര്‍ക്കാര്‍ ഏജന്‍സികളും എന്‍.ജി.ഒകളും ശേഖരിച്ച വിവരങ്ങളും പഠനത്തിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഭൂമിയിലെ നട്ടെല്ലുള്ള ജീവിവര്‍ഗങ്ങളില്‍ കേവലം ആറു ശതമാനം വര്‍ഗങ്ങളെ മാത്രമാണ് നിരീക്ഷണവിധേയമാക്കിയതെന്ന വിമര്‍ശവും ഉയര്‍ന്നിട്ടുണ്ട്.
ആഫ്രിക്കന്‍ ആനകള്‍ വ്യാപകമായി വേട്ടയാടപ്പെടുന്നത് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.

10 വര്‍ഷത്തിനിടെ, 4.15 ലക്ഷം ആനകളെ കൊന്നിട്ടുണ്ട്. കൃഷിയാവശ്യങ്ങളും മറ്റുമായി ഭൂപ്രകൃതിയില്‍ മാറ്റങ്ങള്‍ വരുത്തിയത് ഉറുമ്പുതീനി പോലുള്ള ജീവികളുടെ നാശത്തിന് കാരണമായിട്ടുണ്ട്. വ്യവസായകേന്ദ്രങ്ങളില്‍നിന്നും മറ്റുമുള്ള രാസമാലിന്യങ്ങളുടെ പ്രയോഗമാണ് ജീവിവര്‍ഗങ്ങളുടെ നാശത്തിന് മറ്റൊരു കാരണമായി പറയുന്നത്. രാസമാലിന്യങ്ങള്‍ കടല്‍ജലത്തെ മലിനമാക്കിയത് ധ്രുവക്കരടികളുടെ ആവാസമേഖലകളെ ബാധിച്ചു. തിമിംഗലങ്ങളുടെ ജീവനും ഭീഷണിയായിട്ടുണ്ട്. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ആഗോള തലത്തില്‍തന്നെ, ജീവിവര്‍ഗങ്ങളുടെ സംരക്ഷണത്തിന് പുതിയ മാര്‍ഗങ്ങള്‍ ആരായുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. മൈക് ബാരെറ്റ് പറഞ്ഞു.

Tags:    
News Summary - wild animel study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.