പുതിയ ഭരണഘടനക്ക് പാര്‍ലമെന്‍റിന്‍െറ പ്രാഥമികാംഗീകാരം

അങ്കാറ: പ്രസിഡന്‍റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന പുതിയ ഭരണഘടനക്ക് തുര്‍ക്കി പാര്‍ലമെന്‍റിന്‍െറ പ്രാഥമികാംഗീകാരം. പാര്‍ലമെന്‍റ്, പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച വകുപ്പുകള്‍ വിശദീകരിക്കുന്ന ആര്‍ട്ടിക്ക്ള്‍ 17ന് അംഗീകാരം നല്‍കുന്നതിനാണ് കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്നത്. 550 അംഗങ്ങളില്‍ 484 പേര്‍ പങ്കെടുത്ത രഹസ്യ വോട്ടെടുപ്പില്‍ 342 പേരും പുതിയ ഭരണഘടനക്ക് അനുകൂലമായി വോട്ടുചെയ്തു. 135 പേര്‍ എതിരഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ ഏഴ് വോട്ടുകള്‍ അസാധുവായി. കുര്‍ദ് അനുകൂല പാര്‍ട്ടിയായ പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്.ഡി.പി) വോട്ടെടുപ്പ് ബഹിഷ്കരിച്ചു.

പ്രസിഡന്‍റിന് കൂടുതല്‍ അധികാരം നല്‍കുന്നത് രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യ പ്രതിപക്ഷമായ സി.എച്ച്.പിയും എച്ച്.ഡി.പിയും നേരത്തെതന്നെ പുതിയ ഭരണഘടനക്കെതിരെ രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം, മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കുശേഷമാണ് വോട്ടിങ് ആരംഭിച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കും. ഇതില്‍ 330 അനുകൂല വോട്ട് ലഭിച്ചാല്‍, ഹിതപരിശോധന നടക്കും. ഇനി 367 വോട്ട് ലഭിച്ചാല്‍ ഹിതപരിശോധന ഇല്ലാതെതന്നെ പുതിയ ഭരണഘടനക്ക് പാര്‍ലമെന്‍റിന് അംഗീകാരം നല്‍കാം. എന്നാല്‍, മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍പോലും ഹിതപരിശോധനക്കുശേഷം മാത്രമായിരിക്കും പുതിയ ഭരണഘടന പ്രാബല്യത്തില്‍ വരുകയെന്ന് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷം ഉന്നയിക്കുന്നതുപോലെ, പ്രസിഡന്‍റിന്‍െറ അധിക പദവി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തില്ളെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സ്, യു.എസ് എന്നീ രാജ്യങ്ങളിലേതിന് സമാനമായ ജനാധിപത്യ സംവിധാനമാണ് ഭരണഘടനാ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ ഭരണഘടന നിലവില്‍ വന്നാല്‍, 2019 നവംബര്‍ മൂന്നിന് പാര്‍ലമെന്‍റ്, പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കും. പിന്നീട് പ്രധാനമന്ത്രിപദം ഉണ്ടായിരിക്കില്ല. മന്ത്രിമാരെ നിയമിക്കാനും പുറത്താക്കാനുമുള്ള അധികാരം പ്രസിഡന്‍റിനായിരിക്കും.

Tags:    
News Summary - Turkey moves closer to approving constitutional reform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.