ഫ്രഞ്ച് പ്രസിഡന്‍റ്: സാര്‍കോസി ആദ്യ റൗണ്ടില്‍തന്നെ പുറത്ത്

പാരിസ്: ഫ്രാന്‍സില്‍ അടുത്ത ഏപ്രിലില്‍ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിത്വ മത്സരത്തില്‍ മുന്‍ പ്രസിഡന്‍റ് നികളസ് സാര്‍കോസിക്ക് ദയനീയ പരാജയം. മുന്‍ പ്രധാനമന്ത്രി ഫ്രാങ്സ്വാ ഫിലനാണ് ആദ്യ റൗണ്ടില്‍തന്നെ സാര്‍കോസിയെ പരാജയപ്പെടുത്തി അദ്ദേഹത്തിന്‍െറ രാഷ്ട്രീയ കരിയറിന് അന്ത്യം കുറിച്ചത്. സാര്‍കോസി പ്രസിഡന്‍റായിരുന്ന 2007-12 കാലത്തുതന്നെയായിരുന്നു ഫിലനും പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചത്. 43 ശതമാനം വോട്ടുകളാണ് ഫിലന്‍ നേടിയത്. ഇതാദ്യമായാണ് ഫ്രാന്‍സില്‍ ഒരു പാര്‍ട്ടി അമേരിക്കന്‍ മോഡലില്‍ സ്ഥാനാര്‍ഥിത്വ മത്സരം നടത്തി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ ഫിലന്‍ മുന്‍പ്രധാനമന്ത്രി അലന്‍ ജുപ്പെയുമായി മത്സരിക്കും.

ഒരേ കാലത്ത് രാജ്യത്തിന്‍െറ ഭരണം ഒന്നിച്ച് നിയന്ത്രിച്ച രണ്ടുപേര്‍ തമ്മിലുള്ള മത്സരം ഏറെ കൗതുകത്തോടെയാണ് ലോകം ഉറ്റുനോക്കിയത്. വലതുപക്ഷ കക്ഷിയായ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അടുത്തിടെ രൂപപ്പെട്ട ആശയഭിന്നത മറനീക്കുന്നതായിരുന്നു സാര്‍കോസി-ഫിലന്‍ പോരാട്ടം. രാജ്യത്തെ മുസ്ലിംകളെയും ഇതര ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട് സാര്‍കോസി നടത്തിയ പ്രചാരണമാണ് അദ്ദേഹത്തിന് വിനയായത്. സര്‍വകലാശാലകളിലും മറ്റു പൊതുയിടങ്ങളിലും ഹിജാബ് നിരോധിക്കുമെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തീവ്രമായ ദേശീയവാദവും പ്രചാരണഘട്ടത്തില്‍ അദ്ദേഹം മുന്നോട്ടുവെച്ചു. അതേസമയം, രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെയാണ് കാര്യമായും ഫിലന്‍ അഭിസംബോധനചെയ്തത്. അതോടൊപ്പം, പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ് കൊണ്ടുവന്ന സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കുന്ന ബില്ലിനെതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തി. ഇത് രാജ്യത്തെ  ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങളുടെ പിന്തുണ ലഭിക്കുന്നതിന് കാരണമായി.

അടുത്തയാഴ്ചയാണ് ഫിലന്‍-ജൂപ്പെ പോരാട്ടം. 1995-97 കാലത്ത് ജാക് ഷിറാക്കിന്‍െറ കാലത്താണ് ജുപ്പെ ഫ്രഞ്ച് പ്രധാനമന്ത്രിയായത്. നിലവില്‍ ബോര്‍ഡക്സ് നഗരത്തിന്‍െറ മേയറാണ്.  ത്രികോണ മത്സരമായിരിക്കും ഏപ്രിലില്‍ ഫ്രാന്‍സില്‍ അരങ്ങേറുക. നിലവിലെ പ്രസിഡന്‍റും സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവുമായ ഓലന്‍ഡ് ഒരിക്കല്‍കൂടി മത്സരിക്കുമോ എന്ന കാര്യം അടുത്തയാഴ്ച അറിയാം. തീവ്രവലതു പക്ഷ കക്ഷിയായ നാഷനല്‍ ഫ്രന്‍റിന്‍െറ നേതാവ് മരൈന്‍ ലെ പെന്‍ തന്നെയായിരിക്കും പാര്‍ട്ടി സ്ഥാനാര്‍ഥി.  

സാര്‍കോസിയുടെ പരാജയം അദ്ദേഹത്തിന്‍െറ രാഷ്ട്രീയ ജീവിതത്തിന്‍െറ അന്ത്യമെന്നാണ് പലരും വിശേഷിപ്പിച്ചത്. 1983ല്‍ ന്യൂയി സര്‍സീന്‍ മേയറായി തുടങ്ങിയ രാഷ്ട്രീയ കരിയറില്‍ കയറ്റിറക്കങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. 2002 വരെ മേയറായിരുന്നു. ഇതിനിടയില്‍ വിവിധ കാലത്തായി രാജ്യത്തിന്‍െറ ബജറ്റ്, ധനകാര്യം, വാര്‍ത്താ വിതരണം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും പ്രവര്‍ത്തിച്ചു. 2007ലാണ് പ്രസിഡന്‍റുപദത്തിലത്തെിയത്. 2012ല്‍ പടിയിറങ്ങുമ്പോള്‍ രാജ്യം കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. ആ വര്‍ഷം നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഓലന്‍ഡിനോട് പരാജയപ്പെട്ടു. അന്ന് രാഷ്ട്രീയം മതിയാക്കുന്നതായി പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം വീണ്ടും തിരിച്ചത്തെുകയായിരുന്നു.

Tags:    
News Summary - france president election candidate sarkozy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.