മെക്സികോയില്‍ സ്വവര്‍ഗ വിവാഹ ബില്ലിനെതിരെ വന്‍ പ്രതിഷേധ റാലി

മെക്സികോ സിറ്റി: രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനുള്ള പ്രസിഡന്‍റ് എന്‍റിക്വേ പിന നീറ്റോയുടെ ബില്ലിനെതിരെ മെക്സികോയില്‍ വന്‍ പ്രതിഷേധ റാലി. രാജ്യത്തിന്‍െറ വടക്കേ അതിര്‍ത്തി മുതല്‍ തെക്കന്‍ മുനമ്പായ യുകാതാന്‍ വരെ ഒരു ദിവസം നീണ്ട റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. വിവിധ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷനല്‍ ഫ്രണ്ട് ഫോര്‍ ഫാമിലിയാണ് റാലിക്ക് ആഹ്വാനം ചെയ്തത്.

തലസ്ഥാനമായ മെക്സികോ സിറ്റിയിലും ജലിസ്കോ, നയാരീത്, സൊനോര തുടങ്ങിയ സംസ്ഥാനങ്ങളിലും സ്വവര്‍ഗ വിവാഹത്തിന് അനുമതിയുണ്ട്. അതത് മേഖലകളിലെ പ്രാദേശിക ഭരണകൂടങ്ങളാണ് ഇതുസംബന്ധിച്ച നിയമ നിര്‍മാണം നടത്തിയത്. എന്നാല്‍, രാജ്യം മുഴുവന്‍ ബാധകമാകുന്ന നിയമനിര്‍മാണത്തിനായി ഭരണഘടനാ ഭേദഗതി നടത്തുമെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്‍റ് പിന നീറ്റോ പ്രസ്താവിച്ചിരുന്നു. ഇതാണ് ഒരു ഇടവേളക്കുശേഷം വീണ്ടും പ്രക്ഷോഭത്തിലേക്ക് നയിച്ചത്. മധ്യ മെക്സികോയിലെ ക്വിറേതാറോയില്‍ 40,000ത്തിലധികം ആളുകളാണ് റാലിയില്‍ പങ്കെടുത്തത്. അതേസമയം, പ്രസിഡന്‍റിന്‍െറ വിവാദ പ്രസ്താവന അദ്ദേഹത്തിന് രാഷ്ട്രീയമായി തിരിച്ചടിയായതായും വിലയിരുത്തപ്പെടുന്നു. നിലവില്‍ സാമ്പത്തിക പ്രതിസന്ധിയുടെയും അഴിമതിയുടെയും മറ്റും പേരില്‍ വന്‍ ആരോപണം നേരിടുകയാണ് പിന നീറ്റോ. യു.എസ് പ്രസിഡന്‍റ് മത്സരത്തിനുള്ള റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് രാജ്യം സന്ദര്‍ശിക്കുന്നതും അദ്ദേഹത്തെ വിവാദത്തിലാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.