അങ്കാറ: തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് രാജ്യത്തെ ഏറ്റവും പ്രചാരമുള്ള ദിനപത്രം ടുഡേ സമാന്‍ തുര്‍ക്കി സര്‍ക്കാര്‍ പിടിച്ചെടുത്തു. പത്രത്തിന്‍െറ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കോടതി ഉത്തരവിട്ടതോടെയാണിത്.
പത്രത്തിന്‍െറ ഇസ്തംബൂളിലെ ആസ്ഥാനം പിടിച്ചെടുക്കാനുള്ള നീക്കത്തെ ചെറുത്ത നൂറുകണക്കിന് പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വായനക്കാരുടെ ചെറുത്തുനില്‍പ് പ്രതിരോധിക്കാന്‍ കെട്ടിടത്തിനു പുറത്ത് പൊലീസ് ബാരിക്കേഡുകള്‍ നിര്‍മിച്ചിരുന്നു. കറുത്ത പ്രതലത്തില്‍ ‘തുര്‍ക്കിയിലെ സ്വതന്ത്ര പത്രപ്രവര്‍ത്തനം ലജ്ജിച്ച ദിവസം’ എന്ന വലിയ തലക്കെട്ടോടെ മുഖപേജ് പുറത്തിറക്കിയാണ് സര്‍ക്കാര്‍ നടപടികളില്‍ പത്രം പ്രതിഷേധിച്ചത്. ‘കഴിഞ്ഞ നാലുവര്‍ഷമായി രാജ്യത്ത് ഇതാണ് നടക്കുന്നത്. സര്‍ക്കാര്‍ നയത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ജയിലിലടക്കുകയോ കേസില്‍ കുടുക്കുകയോ ചെയ്യുന്നു. അല്ളെങ്കില്‍ മറ്റു തരത്തിലുള്ള കടുത്ത നടപടികള്‍ ഏര്‍പ്പെടുത്തുന്നു. ചരിത്രത്തിലെ ഏറ്റവും കറുത്തദിനമാണിത്, ജനാധിപത്യത്തിന്‍െറയും’ -ടുഡേ സമാന്‍ എഡിറ്റര്‍ ഇന്‍ ചീഫ് അബ്ദുല്‍ ഹാമിത് ബിലിസി പറഞ്ഞു. പത്രത്തിനെ മുന്നില്‍നിര്‍ത്തി സര്‍ക്കാറിനെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍െറ പ്രതിയോഗി ഫത്ഹുല്ല ഗുലാന്‍ ആണ്.
പൊലീസിന്‍െറയും മാധ്യമങ്ങളുടെയും നീതിപീഠത്തിന്‍െറയും പിന്തുണ സമ്പാദിച്ച് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഗുലാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് ഉര്‍ദുഗാന്‍ ആരോപിച്ചു. ആരോപണം ഗുലാന്‍ നിഷേധിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പനയുള്ള പത്രമാണ് സമാന്‍. ഫെബ്രുവരി അവസാനം പുറത്തുവന്ന കണക്കനുസരിച്ച് 6,50,000 കോപ്പികള്‍ ആണ് പത്രത്തിന്‍െറ സര്‍ക്കുലേഷന്‍. വെള്ളിയാഴ്ച മുതല്‍ പത്രം നടത്തുന്നത് പുതിയ മാനേജ്മെന്‍റ് ആണെന്ന് സര്‍ക്കാര്‍ അധീനതയിലുള്ള അനദോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.