ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽ നിന്ന് പുറത്തേക്ക്

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരേണ്ടെന്ന് നിര്‍ണായകമായ ഹിതപരിശോധനയിൽ വിധിയെഴുത്ത്. ഹിത പരിശോധനയിൽ 52 (51.9%) ശതമാനം പേർ യൂനിയനില്‍ തുടരുന്നതിനെ എതിർത്ത് വോട്ട് രേഖപ്പെടുത്തി. 48 (48.1%) ശതമാനം പേർ തുടരണമെന്നും വോട്ട് ചെയ്തു. 382 മേഖലകളിൽ 46,501,241 അഭിപ്രായം രേഖപ്പെടുത്തിയ ഹിതപരിശോധനയിൽ ‘ലീവ്’ പക്ഷത്ത് 17,410,742 പേരും ‘റിമെയ്ന്‍’ പക്ഷത്ത് 16,141,241 പേരും നിലകൊണ്ടു.

പ്രഭുക്കന്മാർ അടങ്ങുന്ന അപ്പർ ക്ലാസ് വിഭാഗം ഇ.യു ബന്ധത്തെ അനുകൂലിക്കുന്ന ‘റിമെയ്ന്‍’ ചേരിക്കും യൂറോപ്യൻ യൂണിയനോടുള്ള വലിയ പ്രതിഷേധമുള്ള സാധാരണക്കാർ എതിർത്തും വോട്ട് ചെയ്തു. മേഖല തിരിച്ചാൽ ഇംഗ്ലണ്ട് (53.4%), വെയിൽസ് (52.5%) ഇ.യു ബന്ധത്തെ എതിർത്തും വടക്കൻ അയർലൻഡ് (55.8%), സ്കോട്ട്ലൻഡ് (62%), ലണ്ടൻ (75.3%) അനുകൂലിച്ചും നിലപാട് സ്വീകരിച്ചു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ഡേവിഡ് കാമറണാണ് ഹിതപരിശോധന പ്രഖ്യാപിച്ചത്.

മുന്‍ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണും യൂകീപ് പാര്‍ട്ടി നേതാവ് നിഗേല്‍ ഫറാഷുമാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയൻ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ‘ലീവ്’ ചേരിക്ക് നേതൃത്വം നല്‍കുന്നത്. അതേസമയം, പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍, പ്രതിപക്ഷ നേതാവ് ജെറെമി കോര്‍ബൈന്‍, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, മുന്‍ പ്രധാനമന്ത്രിമാരായ സര്‍ ജോണ്‍ മേജര്‍, ടോണി ബ്ലെയര്‍ എന്നിവരുള്‍പ്പെടെ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നിരവധി പ്രമുഖര്‍ ഇ.യുവില്‍ തുടരണമെന്ന ‘റിമെയ്ന്‍’ പക്ഷക്കാരാണ്. യൂറോപ്യന്‍ യൂനിയനുമായുള്ള വ്യാപാര സാമ്പത്തിക കരാറുകള്‍ ബ്രിട്ടന്‍റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നുവെന്നാണ് ബ്രിട്ടന്‍ വിട്ടുപോകണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദം. പ്രായമുള്ളവര്‍ 'ബ്രെക്സിറ്റി'നെ പിന്തുണക്കുമ്പോള്‍ പുതുതലമുറ ബ്രിട്ടന്‍ യൂനിയനില്‍ തുടരുന്നതിന്‍റെ വക്താക്കളാണ്.

1973ലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ അംഗമായത്. 1975ല്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണോ എന്നതു സംബന്ധിച്ച്  ഹിതപരിശോധന പ്രഖ്യാപിച്ചു. എന്നാല്‍, യൂറോപ്യന്‍ യൂനിയനോടൊപ്പം നില്‍ക്കണമെന്നായിരുന്നു ഹിതപരിശോധനാ ഫലം. യൂറോ സോണിന്‍െറ ഏകീകൃത നാണയമായ യൂറോ 1992ല്‍ നിലവില്‍വന്നെങ്കിലും 2002 മുതലാണ് ബ്രിട്ടനില്‍ യൂറോ സ്വീകാര്യമായത്. ബ്രിട്ടന്‍റെ ഒൗദ്യോഗിക നാണയമായ പൗണ്ട് അവര്‍ നിലനിര്‍ത്തുകയും ചെയ്തു. യൂറോപ്യന്‍ യൂനിയന്‍ സാമ്പത്തിക കൂട്ടായ്മയായ യൂറോസോണില്‍ അവര്‍ അംഗമല്ല. അംഗ രാജ്യങ്ങള്‍ക്കിടയില്‍ വിസാരഹിത യാത്ര സാധ്യമാക്കുന്ന ഷെന്‍ഗെന്‍ കരാറിലും ബ്രിട്ടന്‍ പങ്കാളിയല്ല.

വോട്ടിങ്ങിനുമുമ്പ് നടന്ന ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ 55 ശതമാനം യൂനിയനില്‍ തുടരുന്നതിനെയും 45 ശതമാനം വിടുന്നതിനെയും അനുകൂലിച്ചതായാണ് ഇന്‍ഡിപെന്‍ഡന്‍റ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ, ഇതിന് കടക വിരുദ്ധമാണ് ഹിതപരിശോധനാ ഫലം. ഫലത്തെ ലോക ധനവിപണിയും എണ്ണ വ്യാപാരികളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ബ്രിട്ടന്‍ പുറത്തു പോവുന്നപക്ഷം ആഗോള വിപണിയില്‍ വന്‍ പ്രത്യാഘാതമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ വരുമാനത്തില്‍ ആറു മുതല്‍ 18 ശതമാനം വരെ ബ്രിട്ടനില്‍നിന്നാണ്. അതുകൊണ്ട് ഹിതപരിശോധനാഫലം ഇന്ത്യന്‍ ഐ.ടി കമ്പനികളും ആശങ്കയോടെയാണ് കാണുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.