പാരിസ് ആക്രമണം: പ്രതികളിലൊരാളുടെ ഒളിത്താവളം ബ്രസല്‍സില്‍ കണ്ടെത്തി

പാരിസ്: നവംബര്‍ 13ന് പാരിസില്‍ ആക്രമണം നടത്തിയ തീവ്രവാദികളിലൊരാളുടെ ഒളിത്താവളം കണ്ടത്തെിയതായി ബെല്‍ജിയന്‍ പ്രോസിക്യൂട്ടര്‍മാര്‍. ഷെയര്‍ബീക്ക് ജില്ലയില്‍ ഒരു അപ്പാര്‍ട്മെന്‍റില്‍ സ്ഫോടകവസ്തുക്കളുടെ അടയാളങ്ങളും ഒളിവിലുള്ള തീവ്രവാദി സലാ അബ്ദുസ്സലാമിന്‍െറ വിരലടയാളവും കണ്ടത്തെിയതായാണ് പൊലീസ് അവകാശപ്പെടുന്നത്. അപ്പാര്‍ട്മെന്‍റ് വ്യാജപ്പേരിലാണ് വാടകക്കെടുത്തിട്ടുള്ളത്. നിലവില്‍ കസ്റ്റഡിയിലുള്ളവരിലൊരാളായിരിക്കാം വാടകക്കെടുത്തതെന്നാണ് അനുമാനം. സ്ഫോടകവസ്തുവിന്‍െറ അടയാളങ്ങളും സ്ഫോടകവസ്തു കടത്താനുപയോഗിക്കുന്ന കൈകൊണ്ടുണ്ടാക്കിയ മൂന്ന് ബെല്‍റ്റുകളും കണ്ടെടുത്തു.
അബ്ദുസ്സലാമിനുവേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ആക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു. പാരിസിലെ ബറ്റാക്ളന്‍ തിയറ്ററിലും നാഷനല്‍ സ്റ്റേഡിയത്തിലും റസ്റ്റാറന്‍റുകളിലും നടന്ന ആക്രമണം ബെല്‍ജിയത്തിലാണ് ആസൂത്രണം ചെയ്തതെന്നാണ് കരുതുന്നത്.
ബെല്‍ജിയം പൊലീസ് തീവ്രവാദക്കുറ്റം ചുമത്തി 10 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഒമ്പതു പേര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്. ബ്രസല്‍സില്‍ ജനിച്ച ഫ്രഞ്ച് പൗരനാണ് അബ്ദുസ്സലാം. ഇയാള്‍ ബെല്‍ജിയന്‍ തലസ്ഥാനത്ത് ഒരിക്കല്‍ ബാര്‍ നടത്തിയിരുന്നു. ഇയാള്‍ ആസൂത്രണത്തില്‍ പങ്കാളിയാണെന്നും സ്റ്റേഡിയത്തിലേക്ക് മൂന്ന് ചാവേറുകളെ ഇയാള്‍ അനുഗമിച്ചിരുന്നെന്നും പൊലീസ് പറയുന്നു. ഇയാളുടെ സഹോദരന്‍ ആക്രമണത്തിനിടെ ഒരു ഭക്ഷണശാലയില്‍ സ്വയം പൊട്ടിത്തെറിച്ചിരുന്നു. ഇയാളും ചാവേര്‍ ആക്രമണം നടത്താന്‍ കരുതിയിരുന്നെന്നും പിന്നീട് പിന്തിരിയുകയായിരുന്നെന്നുമാണ് പൊലീസ് നിഗമനം. ആക്രമണത്തിനുശേഷം സുഹൃത്തുക്കളുടെ വാഹനത്തില്‍ ഇയാള്‍ ബ്രസല്‍സിലേക്ക് രക്ഷപ്പെടുകയും ചെയ്തു.
അതേസമയം, രാജ്യത്തിന് തീവ്രവാദി ആക്രമണ ഭീഷണിയുണ്ടെന്ന് ബെല്‍ജിയത്തിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ഫ്രഡറിക് വാന്‍ ല്യൂ മുന്നറിയിപ്പ് നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.