അഭയാര്‍ഥി പ്രശ്നം: യൂറോപ്പില്‍ ‘അതിര്‍ത്തി തര്‍ക്കം’

വിയന: അഭയാര്‍ഥി പ്രതിസന്ധിക്ക് പരിഹാരം തേടുന്ന യൂറോപ്യന്‍ യൂനിയനില്‍ അതിര്‍ത്തിയെ ചൊല്ലിയും വിവാദം. പശ്ചിമേഷ്യയില്‍നിന്നും വടക്കന്‍ ആഫ്രിക്കയില്‍നിന്നും അഭയാര്‍ഥികള്‍ക്ക് അതിര്‍ത്തികള്‍ തുറന്നുകൊടുത്തേ മതിയാകൂ എന്ന് പറഞ്ഞ് യുറോപ്യന്‍ യൂനിയന്‍ ചെയര്‍മാന്‍ ജീന്‍ ക്ളോദ് ജങ്കര്‍ ആണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അതിര്‍ത്തികള്‍ രാഷ്ട്രീയക്കാരുടെ ഏറ്റവും നീചമായ കണ്ടുപിടിത്തമാണ്. അഭയാര്‍ഥികളോടും അവരുടെ കുട്ടികളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചേ മതിയാകൂ. ദേശീയതയെ എതിര്‍ക്കണം. ദേശീയത വികാരം വളര്‍ത്തുന്നവരെ പിന്തുടരരുത്. അവരുടെ വളര്‍ച്ചക്ക് ഇടം നല്‍കുന്ന സാഹചര്യങ്ങള്‍ നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.എന്‍. പ്രതിനിധി പീറ്റര്‍ സതര്‍ലന്‍ഡും ഇ.യു അധ്യക്ഷന്‍െറ നിലപാടിനെ ന്യായീകരിച്ചു. അഭയാര്‍ഥികള്‍ പ്രവഹിച്ചുകൊണ്ടിരിക്കെ, വിഷയത്തെ അഭിമുഖീകരിക്കാതെ ഭയന്നോടരുതെന്ന് യൂറോപ്യന്‍ രാജ്യങ്ങളോട് ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധി പീറ്റര്‍ സതര്‍ലന്‍ഡ് പറഞ്ഞു.

ആഫ്രിക്കയില്‍നിന്ന് മെഡിറ്ററേനിയന്‍ കടല്‍വഴി ഇറ്റലിയില്‍മാത്രം ഈ വര്‍ഷം 95000 അഭയാര്‍ഥികള്‍ എത്തി.  അടുത്ത രണ്ടുമാസങ്ങളില്‍ അത് 170000 വരെ എത്തും. ഈ പ്രതിസന്ധിയെ അഭിമുഖീകരിച്ചേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു. ബ്രെക്സിറ്റിന് പിന്നാലെ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ പാടില്ളെന്ന് ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ യൂറോപ്യന്‍ നയം രൂപവത്കരിച്ചേ മതിയാകൂ. ദേശീയത വികാരം ഭയന്ന് എല്ലാ രാജ്യങ്ങളും തങ്ങളുടെ അതിര്‍ത്തികള്‍ ഭദ്രമാക്കി ഒളിച്ചിരുന്നാല്‍ യൂറോപ്പില്‍ സ്ഥിതിഗതികള്‍ വഷളാവുമെന്നും അദ്ദേഹം പറഞ്ഞു.

ജങ്കറിന്‍െറ പ്രസ്താവനയോട് യൂറോപ്യന്‍ രാജ്യങ്ങള്‍ വ്യത്യസ്തരീതിയിലാണ് പ്രതികരിച്ചത്. ഇ.യുവിന്‍െറ നിലപാടിനോട് യോജിപ്പില്ളെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പറഞ്ഞു. അതിര്‍ത്തികള്‍ നിര്‍ണായകമാണെന്നാണ് ബ്രിട്ടന്‍ കരുതുന്നതെന്നും അവര്‍ നിലപാട് വ്യക്തമാക്കി.
ഇ.യു അധ്യക്ഷന്‍െറ നിലപാടിനോട് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലും വിയോജിച്ചു. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളുടെ വിഷയത്തില്‍ തുര്‍ക്കിയുമായി കരാറുണ്ടാക്കിയതുപോലെ വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുമായി സഹകരണമുണ്ടാക്കുകയാണ് വിഷയത്തിന് പരിഹാരമെന്ന് മെര്‍കല്‍ പറഞ്ഞു.

യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ അഭയാര്‍ഥികള്‍ക്ക് പൊരുത്തപ്പെടാവുന്ന സാഹചര്യമാണ് വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രെക്സിറ്റിന് കാരണമായത് അഭയാര്‍ഥിപ്രവാഹമാണെന്ന് യൂനിയന്‍ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. ബ്രെക്സിറ്റിന് ശേഷം യൂനിയന്‍െറ ഭാവിപദ്ധതികള്‍ ആലോചിക്കുന്നതിന് ഇറ്റലിയിലെ വെന്‍റ്റോന്‍റ്റിനി ദ്വീപില്‍ ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നിവരുടെ യോഗം ചേരുന്നുണ്ട്. അവിടെയും അഭയാര്‍ഥിപ്രശ്നവും ഇ.യു അധ്യക്ഷന്‍െറ നിലപാടുകളും ചര്‍ച്ചയാവും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.