വിമാനം വെടിവെച്ചിട്ട തുർക്കിക്കെതിരെ റഷ്യൻ സാമ്പത്തിക ഉപരോധം

മോസ്കോ: സൈനിക വിമാനം വെടിവെച്ചിട്ടതിൽ പ്രതിഷേധിച്ച് തുർക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ റഷ്യൻ തീരുമാനം. രണ്ടു ദിവസത്തിനുള്ളിൽ ഉപരോധ പ്രമേയത്തിന്‍റെ കരട് തയാറാക്കുമെന്ന് റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ് വദേവ് പറഞ്ഞു. വിമാനം വെടിവെച്ചിട്ടതിൽ മാപ്പ് പറയണമെന്ന ആവശ്യം തുർക്കി തള്ളിയ സാഹചര്യത്തിലാണ് റഷ്യൻ നടപടി.

ഉപരോധത്തിന്‍റെ ഭാഗമായി റഷ്യയിലെ തുർക്കിഷ് വ്യാപാരം സ്ഥാപനങ്ങൾ പൂട്ടിക്കും. തുർക്കിയിൽ നിന്നുള്ള ഇറക്കുമതിയും കയറ്റുമതിയും നിയന്ത്രിക്കും. ചരക്കു വാഹനങ്ങൾ അതിർത്തിയിൽ തടയും. ഇരുരാജ്യങ്ങൾ ധാരണയിലെത്തിയ നിക്ഷേപ പദ്ധതികൾ പിൻവലിക്കാനും റഷ്യ തീരുമാനിച്ചിട്ടുണ്ട്.

തുർക്കി സന്ദർശിക്കുന്നതിൽ നിന്ന് പൗരന്മാരെ വിലക്കിയ റഷ്യൻ അധികൃതർ, പൗരന്മാർ എത്രയും വേഗം മടങ്ങണമെന്ന് നിർദേശം നൽകുകയും ചെയ്തു. തുർക്കി സൈനിക നേതൃത്വവുമായുള്ള ആശയവിനിമയങ്ങൾ അവസാനിപ്പിക്കുമെന്നും റഷ്യൻ അധികൃതർ അറിയിച്ചു.

ഉപരോധം പ്രാബല്യത്തിൽ വരുന്നത് തുർക്കി സമ്പദ് വ്യവസ്ഥക്കാണ് കനത്ത തിരിച്ചടിയാകുന്നത്. റഷ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന രാജ്യം തുർക്കിയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.