വിദേശമണ്ണില്‍ രക്തപ്പുഴയൊഴുക്കി സുഖമായി ഉറങ്ങാവുന്ന കാലം കഴിഞ്ഞു

2014ന്‍െറ തുടക്കത്തില്‍ ഐ.എസ് ആദ്യമായി ഒരു വിഡിയോ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത് പോലുള്ളതല്ല. പ്രഫഷനലിസത്തിന്‍െറ തരിപോലുമില്ലാത്ത ആ വിഡിയോ യൂറോപ്പില്‍ അധികമാരും കണ്ടിരിക്കാനിടയില്ല. സിറിയക്കും ഇറാഖിനുമിടയിലുള്ള ഒരു മണല്‍ക്കൂന ബുള്‍ഡോസര്‍ ഇടിച്ചു നിരപ്പാക്കുന്ന ദൃശ്യമായിരുന്നു ഹാന്‍ഡ് കാമറയില്‍ പകര്‍ത്തിയ  വിഡിയോയിലുണ്ടായിരുന്നത്. മണല്‍ക്കൂന പൂര്‍ണമായി ഇടിച്ചു നിരപ്പാക്കിയ ശേഷം നിലത്തുകിടക്കുന്ന പോസ്റ്ററിലേക്കാണ് കാമറ ഫോക്കസ് ചെയ്യുന്നത്. അതില്‍ ഇങ്ങനെ എഴുതിയിരുന്നു, ‘സൈക്സ് പികോതിന്‍െറ അവസാനം’. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഉപാധികളില്ലാതെ അധിനിവേശം നടത്തുന്നതിന് റഷ്യയും ഫ്രാന്‍സും ബ്രിട്ടനും 1916 മേയ് 16ന് ഉണ്ടാക്കിയ കരാറാണ് സൈക്സ് പികോത്. പശ്ചിമേഷ്യയുടെ തലവിധി മാറ്റിയെഴുതിയ മാരകമായ കരാറായിരുന്നു ഇത്.
ബ്രിട്ടീഷ്-ഫ്രഞ്ച് നയതന്ത്രജ്ഞരായ മാര്‍ക് സൈക്സും ഫ്രാങ്സ്വ ജോര്‍ജസ് പികോതും ആണ് ഈ ഉടമ്പടിയുടെ പ്രായോജകര്‍. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഓട്ടോമന്‍ ഭരണാധികാരികളെ അവര്‍ കടപുഴക്കി. മലനിരകളും മരുഭൂമികളും കാവല്‍ നിരീക്ഷണകേന്ദ്രങ്ങളും രാജ്യങ്ങളുടെ അതിര്‍ത്തികളും എന്തിനേറെ ജനതയെ മുഴുവന്‍ അവര്‍ ഉടച്ചുവാര്‍ത്ത് കോളനിവത്കരണത്തിന്‍െറ പുതിയ ഉല്‍പന്നങ്ങളായി മാറ്റിയെടുത്തു. അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രമല്ല, എല്ലായിടത്തും അറബ് ജനതയെ പാശ്ചാത്യ ലോകം ഭരിച്ചു. അവരുടെ ആജ്ഞകള്‍ക്കനുസരിച്ചായി അവരുടെ ലോകം. ഈ സേച്ഛാധിപത്യം അവിടത്തെ ജനങ്ങളില്‍ വിഷംപോലെ പടര്‍ന്നു. തെറ്റായ ഭരണകൂടങ്ങളും ജനാധിപത്യവ്യവസ്ഥയും അവരില്‍ അടിച്ചേല്‍പിച്ചു. 2003ല്‍ നിയമവിരുദ്ധമായി അമേരിക്ക ഇറാഖില്‍ അധിനിവേശം നടത്തുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ കോളിന്‍ പവല്‍ ഇറാഖിലെ എണ്ണ ഖനികള്‍ക്കുമേല്‍ ഇത്തരമൊരു അവകാശവാദം ഉന്നയിച്ചിരുന്നു.
അറബ് രാജ്യങ്ങളിലെ രാജവാഴ്ച അവസാനിപ്പിക്കാനുള്ള ശ്രമത്തില്‍ പാശ്ചാത്യലോകം വിജയിച്ചു. 19ാം നൂറ്റാണ്ടായപ്പോഴേക്കും ലിബിയ, ഈജിപ്ത്, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളില്‍ ബ്രിട്ടീഷുകാര്‍ ആധിപത്യം സ്ഥാപിച്ചു. തെറ്റായ ജനാധിപത്യവും ക്രൂരന്മാരായ പൊലീസുകാരും അസംബന്ധങ്ങള്‍ നിറഞ്ഞ തെരഞ്ഞെടുപ്പുകളും കള്ളം മാത്രം വിളമ്പുന്ന പത്രങ്ങളും ആ രാജ്യങ്ങളില്‍ ഉണ്ടായി. അതിനാല്‍ തന്നെ അറബ് ജനതക്ക് ജനാധിപത്യമെന്നാല്‍ സ്വാതന്ത്ര്യം എന്നായിരുന്നില്ല അര്‍ഥം. ഏകാധിപത്യമായിരുന്നു അവര്‍ക്കത്. പ്രജാതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു പകരം ഭരണാധികാരികള്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ചൂട്ടുപിടിച്ചു. പടിഞ്ഞാറിന്‍െറ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഭരണാധികാരികള്‍ സ്വന്തം പ്രജകളെ അടിച്ചമര്‍ത്തുന്നത് തുടര്‍ന്നു. 2011ല്‍ അറബ് വസന്തങ്ങള്‍ ഉദയംകൊള്ളുന്നതുവരെ അത് തുടര്‍ന്നു. അറബ് വസന്തത്തെ തുടര്‍ന്ന് കൈറോയിലെയും തുനീഷ്യയിലെയും ഡമസ്കസിലെയും സിറിയയിലെയും നീതിയും അന്തസ്സും ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ തെരുവുകളില്‍ പതിച്ചു.  ഒരു ജനതയുടെ ദീര്‍ഘകാലത്തെ ഉറക്കത്തില്‍നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പായിരുന്നു അറബ് വസന്തം. മുബാറക്, സാദത്, ബശ്ശാര്‍, ഗദ്ദാഫി തുടങ്ങിയ ഭരണാധികാരികളെ സ്വന്തം ജനത തള്ളിപ്പറഞ്ഞു. മുമ്പ് സദ്ദാം ഹുസൈന്‍െറ കാര്യത്തിലും ഇതേ കാഴ്ച ലോകം കണ്ടതാണ്. അറബ് വസന്തത്തിനുശേഷം സ്വന്തമായൊരിടം അറബ് ജനത സ്വപ്നംകണ്ടു.എന്നാല്‍, അറബ് വസന്തത്തിലൂടെ ജനാധിപത്യത്തിന്‍െറ വഴിയിലത്തെിയ ഈജിപ്ത് സൈനികഭരണത്തില്‍ വീണ്ടും സ്വേച്ഛാധിപത്യത്തിലത്തെി നില്‍ക്കുന്നു. പഴയ സമവാക്യം മാറാതെ നില്‍ക്കുന്നുവെന്ന് സാരം.
 ബൈറൂതില്‍ വെച്ചാണ് ഞാന്‍ ആ വിഡിയോ കാണുന്നത്. അന്നുതന്നെ ലബനീസ് നേതാവ് വലീദ് ജുംബ്ലാത്തിനെ സന്ദര്‍ശിക്കാനിടയായി. വിഡിയോയെക്കുറിച്ച് സംസാരിച്ചു. സൈക്സ് പികോത് അവസാനിക്കും എന്ന് അദ്ദേഹം അലറി. ‘അസംബന്ധ’മാണതെന്ന് ഞാന്‍ പറഞ്ഞു. തീര്‍ച്ചയായും അക്കാര്യത്തില്‍ എനിക്ക് തെറ്റുപറ്റി. ജുംബ്ലാത്തിന്‍െറ വാക്കുകള്‍ ശരിയാണെന്ന് കാലം തെളിയിച്ചു.
ഒന്നാം ലോകയുദ്ധത്തിനുശേഷം ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ചേര്‍ന്ന് നിര്‍മിച്ച കോളനിവത്കരണത്തിന്‍െറ മതില്‍ക്കെട്ട് തകര്‍ക്കാന്‍ അറബ് ജനത 100 വര്‍ഷമായി ശ്രമിച്ചിട്ടും കഴിയാത്തതാണ് നിമിഷനേരംകൊണ്ട് ഐ.എസ് നേടിയെടുത്തത്. ഇത് അദ്ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ്.  യഥാര്‍ഥത്തില്‍ കൊളോണിയല്‍ ഭരണമാണ് ഐ.എസിനെ വളര്‍ത്തിയത്. സിറിയയിലും ഇറാഖിലുമാണ് ഐ.എസിന്‍െറ ആധിപത്യം. ആ രാജ്യങ്ങളില്‍ നമ്മള്‍ അധിനിവേശം നടത്തി. അവിടത്തെ ജനങ്ങളെ അതിക്രൂരമായി അടിച്ചമര്‍ത്തി. എല്ലാ കാലത്തും യുദ്ധമായിരുന്നു നമ്മുടെ വിളംബരം. അതിന് അവസാനം വന്നിരിക്കുന്നുവെന്ന് കാലം തെളിയിക്കുന്നു. അതായത് വിദേശമണ്ണില്‍ ചോരക്കൊതി തീര്‍ത്ത് സ്വന്തം വീട്ടില്‍ സമാധാനമായി അന്തിയുറങ്ങിയിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഐ.എസിന്‍െറ ഉദയം അതാണ് ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.
ന്യൂയോര്‍ക്, വാഷിങ്ടണ്‍, മഡ്രിഡ്, ലണ്ടന്‍, പാരിസ് എന്നിവിടങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നതും അതുതന്നെ. ശത്രുക്കളില്‍നിന്ന് കാരുണ്യം പ്രതീക്ഷിക്കരുത്. കാരണം, കഴിഞ്ഞ ദശകങ്ങളില്‍ നാം അവരോട് ചെയ്തത് നമുക്ക് തിരിച്ചുകിട്ടുകയാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ ചരിത്രത്തിന്‍െറ കാവ്യനീതിയാണിപ്പോള്‍ പുലരുന്നത്.
 
(കടപ്പാട് ഇന്‍ഡിപെന്‍ഡന്‍റ് )

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.