സാമ്പത്തിക പ്രതിസന്ധി; ജനങ്ങൾ ചായ കുടിക്കുന്നത് കുറക്കണമെന്ന് പാക് മന്ത്രി

ഇസ്‍ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ ചായകുടിക്കുന്നത് കുറക്കണമെന്ന നിർദേശവുമായി പാകിസ്താൻ മന്ത്രി. ചായ കുടിക്കുന്നത് കുറച്ചാൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വിലയിൽ പാകിസ്താന് നല്ലൊരു ശതമാനം തുക ലാഭിക്കാമെന്നാണ് മുതിർന്ന മന്ത്രി അഹ്സൻ ഇഖ്ബാലിന്റെ അഭിപ്രായം. ലോകത്ത് ഏറ്റവും കൂടുതൽ തേയില ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്താൻ. കഴിഞ്ഞ വർഷം 600 ദശലക്ഷം ഡോളറിന്റെ തേയിലയാണ് ഇറക്കുമതി ചെയ്തത്. വായ്പയെടുത്താണ് തേയില വാങ്ങു​ന്നതും ഒരു ദിവസം ഒരു കപ്പ് ചായ കുടിക്കുന്നത് പതിവാക്കിയാൽ വലിയൊരു തുക ലാഭിക്കാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതോടൊപ്പം വൈദ്യുതി ലാഭിക്കാൻ കച്ചവട സ്ഥാപനങ്ങൾ വൈകീട്ട് 8.30 ക്ക് അടക്കണമെന്നും നിർദേശമുണ്ട്. ചായ കുടി കുറക്കണമെന്ന മന്ത്രിയുടെ നിർദേശം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതുകൊണ്ട് എത്രമാത്രം സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുമെന്ന് പലരും പ്രതികരിച്ചിട്ടുണ്ട്. വിദേശനാണ്യശേഖരത്തിന്റെ രൂക്ഷമായ കുറവാണ് പാകിസ്താനിൽ അനുഭവപ്പെടുന്നത്.

പാകിസ്താന്റെ വിദേശനാണ്യശേഖരം ​ജൂൺ ആദ്യവാരം 1000കോടി ഡോളറായി ചുരുങ്ങിയിരുന്നു. ഫണ്ടില്ലാത്തതിനാൽ കഴിഞ്ഞമാസം കറാച്ചിയിൽ അവശ്യമല്ലാത്ത ആഡംബര ഉൽപ്പന്നങ്ങളുടെ ഇറക്കുമതി വെട്ടിക്കുറച്ചിരുന്നു. ശഹബാസ് ശരീഫ് സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക പ്രതിസന്ധിയാണ്.

ഇംറാൻ ഖാൻ സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് രാജ്യം ഇപ്പോൾ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണമെന്ന് അധികാരമേറ്റെടുത്തതിനു പിന്നാലെ ശഹ്ബാസ് ആരോപിച്ചിരുന്നു.

Tags:    
News Summary - economic crisis: Pakistan urged to drink fewer cups of tea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.