തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിൽ; ഡെൻമാർക്കിൽ മെറ്റെ ഫ്രെഡറിക്സൻ സഖ്യസർക്കാർ രൂപീകരിച്ചു

കോപ്പൻഹേഗൻ: ഡെൻമാർക്കിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെറ്റെ ഫ്രെഡറിക്സൻ പുതിയ സഖ്യസർക്കാർ രൂപീകരിച്ചു. ഇതോടെ മൂന്നാം തവണയും ഡെൻമാർക്കിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയിരിക്കുകയാണ് മെറ്റെ. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് പുതിയ സർക്കാർ രൂപീകരണത്തിലേക്ക് വഴിയൊരുങ്ങിയത്.

കഴിഞ്ഞ മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷം സർക്കാരിനെച്ചൊല്ലിയുള്ള രാഷ്ട്രീയ പ്രതിസന്ധി നിലനിന്നിരുന്നു. തെരഞ്ഞെടുപ്പിൽ 12 പാർട്ടികൾ പാർലമെന്റിൽ സീറ്റുകൾ നേടിയതാണ് സർക്കാർ രൂപീകരണം സങ്കീർണ്ണമാക്കിയത്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി 38 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരുന്നുണ്ടെങ്കിലും മുമ്പത്തെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണം 50ൽ നിന്ന് 38ലേക്ക് കുറഞ്ഞത് തിരിച്ചടിയായിരുന്നു.

രാജാവിനെ സന്ദർശിച്ച് സർക്കാർ രൂപീകരണത്തിനുള്ള അനുമതി നേടിയതായി ഫ്രെഡറിക്സൻ മാധ്യമങ്ങളോട് പറഞ്ഞു. സോഷ്യൽ ലിബറൽസ്, ലെഫ്റ്റ് ഗ്രീൻസ്, മിതവാദികൾ എന്നിവർ ചേർന്നതാണ് പുതിയ സഖ്യം. ഫാർ-ലെഫ്റ്റ് റെഡ്-ഗ്രീൻ അലയൻസിന്റെ പിന്തുണയോടെയാണ് സർക്കാർ ഭൂരിപക്ഷം ഉറപ്പിക്കുന്നത്.

യുക്രെയ്ൻ-റഷ്യ യുദ്ധസാഹചര്യത്തിൽ യൂറോപ്പിലെ സുരക്ഷാ ഭീഷണികൾക്കിടയിൽ ഡെൻമാർക്കിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുക എന്നതാണ് പുതിയ സർക്കാരിന്റെ മുന്നിലുള്ള പ്രധാന ദൗത്യം. കൂടാതെ, ഗ്രീൻലാൻഡിന്റെ ഭാവി സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നിലനിൽക്കുന്ന നയതന്ത്ര തർക്കങ്ങൾ പരിഹരിക്കേണ്ടതും സർക്കാരിന്റെ അടിയന്തര പരിഗണനയിലുണ്ട്.

ജീവിതച്ചെലവ് വർധിച്ചതിനെത്തുടർന്നുണ്ടായ ജനരോഷം തണുപ്പിക്കുക, മൃഗക്ഷേമം ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങൾക്കും സർക്കാർ മുൻഗണന നൽകും. ചൊവ്വാഴ്ച സർക്കാരിന്റെ നയരൂപരേഖ പ്രഖ്യാപിക്കുമെന്നും ബുധനാഴ്ച മന്ത്രിസഭാംഗങ്ങളുടെ പട്ടിക പുറത്തുവിടുമെന്നും ഫ്രെഡറിക്സൻ അറിയിച്ചു.

Tags:    
News Summary - Denmark's Frederiksen secures third term as prime minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.