ന്യൂഡൽഹി: ഇന്ത്യ കടുത്ത എതിർപ്പ് അറിയിച്ചതോടെ കോവിഷീൽഡ് വാക്സിൻ അംഗീകരിച്ച് ബ്രിട്ടൻ. എന്നാൽ, സമ്പർക്കവിലക്ക് വ്യവസ്ഥയിലോ രണ്ടു തവണ പരിശോധനയിലോ ഇളവ് നൽകിയിട്ടില്ല. രണ്ട് ഡോസ് കോവിഷീൽഡ് വാക്സിൻ സീകരിച്ച ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് 10 ദിവസത്തെ സമ്പർക്കവിലക്ക് വ്യവസ്ഥ തുടരുന്നതിന് കാരണം വാക്സിൻ സർട്ടിഫിക്കറ്റിലെ അവ്യക്തതയാണെന്നാണ് ബ്രിട്ടീഷ് അധികൃതർ നൽകുന്ന വിശദീകരണം.
പരിഷ്കരിച്ച അന്താരാഷ്ട്ര യാത്ര മാർഗനിർദേശത്തിൽ നേരത്തെ അംഗീകരിച്ച മൂന്നു വാക്സിനുകൾക്കൊപ്പം കോവിഷീൽഡ് കൂടി ബ്രിട്ടൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ നാലുമുതലാണ് അന്താരാഷ്ട്ര യാത്രമാർഗനിർദേശം ബ്രിട്ടൻ നടപ്പാക്കാൻ ഒരുങ്ങുന്നത്. 17 രാജ്യങ്ങളിൽ നിന്നുള്ള വാക്സൻ സീകരിച്ചവർക്കാണ് ബ്രിട്ടൻ സമ്പർക്കവിലക്ക് ഇളവ് നൽകിയിയത്. ഇന്ത്യ ഉൾപ്പെട്ടിരുന്നില്ല. ഇതോടെ, കോവിഷീൽഡ് അംഗീകരിക്കാത്ത ചട്ടവുമായി മുന്നോട്ടുപോയാൽ തത്തുല്യ മറുപടിയുണ്ടാകുമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകി. ഇതിനു പിന്നാലെയാണ് കോവിഷീൽഡ് ഉൾപ്പെടുത്തി മാർഗനിർദേശം പരിഷ്കരിച്ചത്. എന്നാൽ, സമ്പർക്കവിലക്ക് ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിനാൽ പരിഷ്കരിച്ച മാർഗ നിർദേശം ഇന്ത്യക്കാർക്ക് ഉപകാരപ്പെടില്ല.
വാക്സിൻ സർട്ടിഫിക്കറ്റിൽ ഒരു പ്രശ്നവുമില്ലെന്നും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നുമാണ് ഇന്ത്യൻ ആരോഗ്യ അതോറിറ്റി സി.ഇ.ഒ ആർ.എസ്. ശർമ പ്രതികരിച്ചത്. അന്തരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻസുമായി വിഷയം ചർച്ച ചെയ്തുവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.