ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ചെലവില്‍ ബ്രാഹ്‌മണര്‍ ലാഭം കൊയ്യുകയാണെന്ന വൈറ്റ്ഹൗസ് വാണിജ്യ ഉപദേഷ്ടാവിന്റെ പ്രസ്താവനക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. വസ്തുതാപരമായി നോക്കുകയാണെങ്കില്‍ ഈ പ്രസ്താവന ശരിയാണെന്ന് ഉദിത് രാജ് പ്രതികരിച്ചു.
‘ഉന്നത ജാതിക്കാരുടെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ റഷ്യയിൽനിന്ന് വിലകുറഞ്ഞ എണ്ണ വാങ്ങുകയും ശുദ്ധീകരണത്തിനുശേഷം മറ്റ് രാജ്യങ്ങൾക്ക് വിൽക്കുകയും ചെയ്യുന്നുവെന്നത് ശരിയാണെന്ന് മുൻ എം.പി പറയുന്നു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവായ പീറ്റര്‍ നവാരൊയുടെ വിവാദ പരാമര്‍ശത്തെ പിന്തുണച്ചാണ് ഉദിത് രാജ് രംഗത്തെത്തിയത്.
‘റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിലൂടെ ഉന്നതജാതിക്കാരായ ഇന്ത്യക്കാരാണ് ലാഭമുണ്ടാക്കുന്നതെന്ന പീറ്റര്‍ നവാരൊയുടെ പരാമര്‍ശത്തെ ഞാന്‍ പൂര്‍ണമായും പിന്തുണക്കുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെല്ലാം ഉന്നതജാതിക്കാരുടേതാണ്. ഇവര്‍ റഷ്യയില്‍നിന്നും എണ്ണവാങ്ങി, റിഫൈന്‍ ചെയ്ത് കൂടിയ വിലക്ക് വില്‍ക്കുകയാണ്. സാധാരണക്കാരായ ഇന്ത്യന്‍ ജനതക്ക് ഇതില്‍ നിന്നും ഒരു ലാഭവും ലഭിക്കുന്നില്ല. നമ്മുടെ രാജ്യത്ത് പിന്നാക്കജാതിക്കാരനോ ദലിതനോ ഒരു കോര്‍പ്പറേറ്റ് സ്ഥാപനം ആരംഭിക്കാന്‍ 100 വര്‍ഷമെങ്കിലും കഴിയണമെന്നും ഉദിത് രാജ് പറഞ്ഞു. ഇവിടെ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ കാരണം വരുന്ന നൂറ് വര്‍ഷത്തിനുള്ളില്‍ പോലും ഒരു ദലിതന് വലിയൊരു കോര്‍പ്പറേറ്റ് സ്ഥാപനം പടുത്തുയര്‍ത്താന്‍ സാധിക്കില്ല. നവാരൊ പറഞ്ഞത് വസ്തുതാപരമായി പരിശോധിക്കുകയാണെങ്കില്‍ ശരിയാണ്. ആര്‍ക്കുമത് നിഷേധിക്കാനാകില്ല’ -ഉദിത് രാജ് പറയുന്നു. റഷ്യയുടെ അസംസ്‌കൃത എണ്ണ വാങ്ങുന്നതിലൂടെ, യുക്രെയ്‌നെ ആക്രമിക്കുന്ന റഷ്യക്ക് പരോക്ഷമായ സഹായമാണ് ഇന്ത്യ നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, പീറ്റർ നവാരോയുടെ ‘ബ്രാഹ്മണ’ പരാമർശത്തെ കോൺഗ്രസ് വക്താവ് പവൻ ഖേര നേരത്തെ വിമർശിച്ചിരുന്നു. അമേരിക്ക ഇതുപോലുള്ള അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. ബ്രാഹ്‌മണര്‍ ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ലാഭം കൊയ്യുന്നുവെന്നാണ് പീറ്റര്‍ നവാരൊ കഴിഞ്ഞദിവസം പറഞ്ഞത്. ഇന്ത്യയുടെ നയങ്ങളെ ‘താരിഫുകളുടെ മഹാരാജാവ്’ എന്നും നവാരൊ വിമര്‍ശിച്ചിരുന്നു. യു.എസ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനം താരിഫ് ചുമത്തിയതോടെ ഇന്ത്യ റഷ്യയും ചൈനയുമായി കൂടുതല്‍ അടുത്തിരുന്നു.
അതിനിടെ, ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ കുടുംബം, റഷ്യൻ എണ്ണ ഇറക്കുമതിയെ തുടർന്ന് ഇന്ത്യ-യു.എസ് ബന്ധം വഷളായതിനാൽ സെപ്റ്റംബർ മധ്യത്തിൽ ന്യൂയോർക്കിൽ നടത്താനിരുന്ന തിയേറ്റർ ഫെസ്റ്റിവൽ റദ്ദാക്കി. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ സമുച്ചയം നടത്തുന്ന റിലയൻസ് ഇൻഡസ്ട്രീസിനെ നിയന്ത്രിക്കുന്നത് അംബാനിയാണ്. റഷ്യൻ എണ്ണയെച്ചൊല്ലി യു.എസും ഇന്ത്യയും തമ്മിലുള്ള തർക്കത്തിന്റെ പേരിൽ ഇന്ത്യൻ റിഫൈനർമാർ കുടുങ്ങിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.