തെഹ്റാൻ: പശ്ചിമേഷ്യയിൽ വെടിനിർത്തൽ നിലനിൽക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് അവകാശപ്പെടുമ്പോഴും ഹുർമുസിൽ സംഘർഷം തുടരുന്നു. അമേരിക്ക വെടിനിർത്തൽ ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാൻ രംഗത്തെത്തി. അമേരിക്കയുമായുള്ള സംഘർഷം വീണ്ടും രൂക്ഷമായി.
സിവിലിയൻ പ്രദേശങ്ങളിൽ യു.എസ് ആക്രമിച്ചെന്നാണ് ഇറാൻ ആരോപണം. ഇറാനിയൻ എണ്ണ ടാങ്കറിനെ യുഎസ് സൈന്യം ആക്രമിച്ചതായും ഇറാൻ വ്യക്തമാക്കി. തെക്കൻ ഇറാനിലെ ബന്ദർ ഖമീർ, സിരിക്, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിലെ സിവിലിയൻ സ്ഥലങ്ങളെ അമേരിക്ക വ്യോമാക്രമണം നടത്തിയതായും ഇറാൻ അധികൃതർ ആരോപിച്ചു.
അതേസമയം ഹുർമുസിൽ നാവിക കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായെന്നും അതിനെ സൈന്യം പ്രതിരോധിക്കുകയായിരുന്നുവെന്നും യുഎസ് സെൻട്രൽ കമാൻഡ് പറയുന്നു. യു.എസ് നാവിക സേനയുടെ നശീകരണ കപ്പലുകളായ യു.എസ്.എസ് ട്രക്സ്റ്റൺ, യു.എസ്.എസ് റാഫേൽ പെരാൾട്ട, യു.എസ്.എസ് മേസൺ എന്നിവ ഒമാൻ ഉൾക്കടലിലേക്ക് ജലപാതയിലൂടെ കടന്നുപോകുമ്പോൾ ഇറാനിയൻ സൈന്യം "ഒന്നിലധികം മിസൈലുകൾ, ഡ്രോണുകൾ, ചെറിയ ബോട്ടുകൾ" എന്നിവ ഉപയോഗിച്ച് ഏകോപിത ആക്രമണം നടത്തിയതായി സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല. ആക്രമണങ്ങൾക്ക് ഉത്തരവാദികളെന്ന് തിരിച്ചറിഞ്ഞ സ്ഥലങ്ങളെ ലക്ഷ്യമിട്ട് തങ്ങളുടെ സൈന്യം "സ്വയം പ്രതിരോധ ആക്രമണങ്ങൾ" നടത്തിയെന്ന് സെൻട്രൽ കമാൻഡ് പറഞ്ഞു.
ഇറാന്റെ തീരദേശ ജലാശയത്തിൽ നിന്ന് ഹോർമുസ് കടലിടുക്കിലേക്ക് സഞ്ചരിക്കുകയായിരുന്ന ഒരു ഇറാനിയൻ എണ്ണ ടാങ്കറിനെയും എമിറാത്തി തുറമുഖമായ ഫുജൈറയ്ക്ക് സമീപം ഹുർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്ന മറ്റൊരു കപ്പലിനെയും യു.എസ് ലക്ഷ്യമിട്ടതായി ഇറാന്റെ ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ വക്താവ് സ്റ്റേറ്റ് മീഡിയ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. ബന്ദർ ഖാമിർ, സിരിക്, ഖേഷ്ം ദ്വീപ് തീരങ്ങളിലെ സിവിലിയൻ പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തിയെന്നും ഇറാൻ അധികൃതർ വ്യക്തമാക്കി. യുദ്ധം ഉടൻ അവസാനിക്കുമെന്നും വെടിനിർത്തൽ നിലനിൽക്കുന്നുവെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ആവർത്തിക്കുന്നതിനിടെയാണ് മേഖലയിൽ വീണ്ടും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നിലവിലെ ധാരണയനുസരിച്ച്, വ്യാഴാഴ്ച മുതൽ തന്നെ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾ മോചിപ്പിക്കപ്പെടുന്നുവെന്നായിരുന്നു റിപ്പോർട്ട്.
ഇറാനുമായുള്ള ചർച്ചകൾ വളരെ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. സമ്പൂർണവും അന്തിമവുമായ കരാറിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നും ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹുർമുസ് പിടിച്ചെടുക്കാനുള്ള യു.എസിന്റെ സൈനിക ദൗത്യമായിരുന്ന പ്രോജക്ട് ഫ്രീഡം യു.എസ് നിർത്തിവച്ചതോടെയാണ് ഒരിക്കൽക്കൂടി അനൗപചാരിക ചർച്ചകൾക്ക് വഴിതുറന്നത്.
യു.എസ് മുന്നോട്ടുവച്ച 14 ഇന ധാരണാപത്രം ഇറാൻ പരിശോധിച്ചുവരുകയാണെന്നാണ് വിവരം. ആണവ സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ ഇറാൻ നിർത്തിവയ്ക്കുകയാണെങ്കിൽ, ഉപരോധങ്ങളിൽ ഇളവ് നൽകാനും മരവിപ്പിച്ച ശതകോടിക്കണക്കിന് ഡോളറിന്റെ ഇറാനിയൻ ഫണ്ടുകൾ വിട്ടുകൊടുക്കാനും അമേരിക്ക തയാറായേക്കും. അതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പാക് വിദേശകാര്യ മന്ത്രിയുമായി വിഷയത്തിൽ ചർച്ച നടത്തി. പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്ന് പാകിസ്താനും പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ചൈനയും ഫ്രാൻസുമെല്ലാം ഇറാൻ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ഈ ആഴ്ച തന്നെ, ഇറാന്റെയും യു.എസിന്റെയും പ്രതിനിധികൾ നേരിട്ടുള്ള ചർച്ചയുണ്ടാകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.