3000ലേറെ കാറുകളുമായി പോകുമ്പോൾ തീപ്പിടിച്ച കപ്പൽ ഒടുവിൽ ശാന്തസമുദ്രത്തിൽ മുങ്ങി

അലാസ്ക: 3159 കാറുകളുമായി ചൈനയിൽ നിന്ന് മെക്സിക്കോയിലേക്കുള്ള യാത്രക്കിടെ യു.എസിലെ അലാസ്കക്ക് സമീപം കടലിൽ തീപിടിച്ച കണ്ടെയ്നർ കപ്പൽ 'മോണിങ് മിഡാസ്' വടക്കൻ ശാന്തസമുദ്രത്തിൽ മുങ്ങി. ജൂൺ മൂന്നിന് തീപിടിച്ച കപ്പൽ രക്ഷാപ്രവർത്തനങ്ങളൊന്നും ഫലംകാണാത്തതിനെ തുടർന്ന് മൂന്ന് ആഴ്ചക്ക് ശേഷമാണ് മുങ്ങിയത്.

അലാസ്ക തീരത്ത് നിന്ന് 770 കിലോമീറ്റർ അകലെ അന്താരാഷ്ട്ര സമുദ്രത്തിൽ 16,404 അടി താഴ്ചയിലേക്ക് കപ്പൽ മുങ്ങിയതായി ഷിപ്പിങ് കമ്പനി ഉടമകളായ സോഡിയാക് മാരിടൈം അറിയിച്ചു. നിലവിൽ മലിനീകരണത്തിന്‍റെ ലക്ഷണങ്ങളൊന്നും കാണാനില്ലെന്നാണ് യു.എസ് കോസ്റ്റ് ഗാർഡ് അധികൃതർ പറയുന്നത്. സ്ഥലത്ത് കോസ്റ്റ് ഗാർഡ് കപ്പലുകളും സാൽവേജ് കമ്പനി കപ്പലുകളും സജീവ നിരീക്ഷണം നടത്തുകയാണ്. ഏതെങ്കിലും തരത്തിലുള്ള മലിനീകരണമുണ്ടായാൽ തടയാനായി പ്രത്യേക കപ്പൽ അയച്ചിട്ടുണ്ടെന്ന് സോഡിയാക് മാരിടൈം അറിയിച്ചു. 

3159 പുത്തൻ കാറുകളുമായി മേയ് 26ന് ചൈനയിലെ യാന്റായിയിൽ നിന്ന് മെക്സിക്കോയിലെ ലാസരോ കാർഡെനാസിലേക്ക് യാത്ര ചെയ്യുകയായിരുന്നു കപ്പൽ. ചൈനീസ് കമ്പനികളായ ചെറി ഓട്ടോമൊബൈൽസിന്‍റെയും ഗ്രേറ്റ് വാൾ മോട്ടോഴ്സിന്‍റെയും കാറുകളാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ 65 ഇലക്ട്രിക് കാറുകളും 681 ഹൈബ്രിഡ് കാറുകളുമായിരുന്നു. ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളിലെ ലിഥിയം-അയൺ ബാറ്ററികൾ തീപടരുന്നതിന്‍റെ ആഘാതം വർധിപ്പിച്ചതായി വിലയിരുത്തലുകളുണ്ട്. ഇലക്ട്രിക് കാറുകൾ സൂക്ഷിച്ച ഡക്കിൽ നിന്നാണ് ആദ്യം തീ പടർന്നതെന്ന് ജീവനക്കാർ പറഞ്ഞിരുന്നു. ജൂൺ 15നായിരുന്നു കപ്പൽ മെക്സിക്കോയിലെത്തേണ്ടിയിരുന്നത്. 



 


22 ജീവനക്കാരായിരുന്നു മോണിങ് മിഡാസ് കപ്പലിലുണ്ടായിരുന്നത്. തീയുണ്ടായതോടെ ഇത് അണക്കാനുള്ള ജീവനക്കാരുടെ ശ്രമം വിജയിച്ചില്ല. തുടർന്ന് മറ്റു വഴികളില്ലാതായതോടെ അലാസ്കയുടെ സമുദ്രാതിർത്തിയിൽ അല്യൂഷ്യൻ ദ്വീപുകൾക്ക് സമീപത്തായി കപ്പൽ ഉപേക്ഷിച്ച് ജീവനക്കാർ രക്ഷപ്പെട്ടിരുന്നു. സമീപത്തുണ്ടായിരുന്ന കോകോ ഹെല്ലാസ് എന്ന കപ്പൽ മുഴുവൻ ജീവനക്കാരെയും രക്ഷപ്പെടുത്തുകയായിരുന്നു.

പിന്നാലെ യു.എസ് കോസ്റ്റ് ഗാർഡും കപ്പൽ കമ്പനി നിയോഗിച്ച സാൽവേജ് കപ്പലുകളും മറ്റ് ഏജൻസികളും രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. എന്നാൽ, കപ്പലിലെ തീ അണക്കാൻ സാധിച്ചില്ല.

Tags:    
News Summary - Cargo ship carrying over 3,000 vehicles sinks in Pacific Ocean after fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.