ഹോങ്കോങ്: ഹോങ്കോങ്ങിലെ ബഹുനില കെട്ടിട സമുച്ചയത്തിൽ അതിവേഗത്തിൽ തീ പടരാൻ മുളകൾ കൊണ്ട് നിർമിച്ച സ്കാഫോൾഡിങ് കാരണമായെന്ന് നിഗമനം. ഒരു വർഷത്തിലേറെയായി നടക്കുന്ന നവീകരണപ്രവൃത്തികൾക്കായി കെട്ടിടങ്ങൾക്ക് ചുറ്റും മുളകൾ കൊണ്ട് ചട്ടക്കൂട് ഒരുക്കിയിരുന്നു.
തീപിടിത്തത്തിന്റെ യഥാർഥ കാരണം അവ്യക്തമാണെങ്കിലും കെട്ടിടങ്ങളിലേക്ക് അതിവേഗം തീപടരാൻ മുളകൾ കൊണ്ട് നിർമിച്ച ഈ ചട്ടക്കൂടുകളും മറ്റ് നിർമാണ വസ്തുക്കളും കാരണമായെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കെട്ടിടങ്ങൾക്ക് പുറത്ത് നിർമാണ പ്രവൃത്തികൾക്കായി കമ്പിയും മറ്റു ബലമുള്ള വസ്തുക്കളും ഉപയോഗിച്ച് മുളക്കമ്പുകൾ കെട്ടി ചട്ടക്കൂടുകൾ ഒരുക്കാറുണ്ട്.
ഏഷ്യയുടെ മിക്ക ഭാഗങ്ങളിലും ബഹുനില കെട്ടിടങ്ങൾ പോലും പണിയുന്നതിന് ഇത്തരത്തിൽ പരമ്പരാഗത നിർമാണ വസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഇതു സുരക്ഷാ വെല്ലുവിളികൾ ഉയർത്തുന്നതായും അവർ പറയുന്നു.
അതേസമയം, ഹോങ്കോങ്ങിലെ തായ്പോ ജില്ലയിലെ ബഹുനില പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി ഉയർന്നു. തീപിടിത്തമുണ്ടായ ടവറുകളിൽ കുടുങ്ങിയവർക്കായി വെള്ളിയാഴ്ചയും തിരച്ചിൽ നടത്തിയതായി അഗ്നിശമന സേന അറിയിച്ചു.
തീപിടിത്തത്തിൽ നശിച്ച കെട്ടിടത്തിൽ വെള്ളിയാഴ്ച പരിശോധന നടത്തിയതോടെ മരണസംഖ്യ 128 ആയി ഉയർന്നു. തിരച്ചിൽ തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും സുരക്ഷ സെക്രട്ടറി ക്രിസ് ടാങ് അറിയിച്ചു.
ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് വാങ് ഫുക്ക് കോടതി സമുച്ചയത്തിലെ കെട്ടിടങ്ങളിലൊന്നിൽ തീപടർന്നത്. പിന്നാലെ ഏഴു ബഹുനില കെട്ടിടങ്ങളിലേക്കും തീപടരുകയായിരുന്നു.1000ത്തിലധികം അഗ്നിശമന സേനാംഗങ്ങൾ 24 മണിക്കൂറോളമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. എട്ട് ബഹുനില കെട്ടിടങ്ങളിലായി 2000ത്തോളം അപ്പാർട്മെന്റുകളും 4800ൽ അധികം താമസക്കാരുമാണുള്ളത്.
11 അഗ്നിശമന സേനാംഗങ്ങൾക്കുൾപ്പെടെ 70ൽ അധികം പേർക്ക് തീപിടിത്തത്തിൽ പരിക്കേറ്റു. 900 പേർ താൽക്കാലിക കേന്ദ്രങ്ങളിൽ അഭയം തേടി. കെട്ടിടങ്ങളിലെ തിരച്ചിൽ അവസാനിപ്പിക്കാതെ കാണാതായവരുടെ കണക്കുകൾ വ്യക്തമാക്കാൻ കഴിയില്ലെന്നും അധികൃതർ അറിയിച്ചു. 1980കളിലാണ് കെട്ടിട സമുച്ചയം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.