ശ്രീനഗർ: സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയതിനെത്തുടർന്ന് ചെനാബ് നദിയിലെ ബഗ്ലിഹാർ അണക്കെട്ടിന്റെ ഗേറ്റുകൾ അടച്ചിട്ടിട്ട് ഒരു വർഷം പിന്നിടുന്നു. 2025 ഏപ്രിലിൽ എടുത്ത ഈ കർശന തീരുമാനം ഇന്ന് പാകിസ്താനെ കടുത്ത സാമ്പത്തിക-കാർഷിക പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്.
ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലുള്ള അണക്കെട്ട് അടച്ചതോടെ ചെനാബ് നദിയിൽ നിന്നും പാകിസ്താനിലേക്കുള്ള ജലപ്രവാഹത്തിൽ 90 ശതമാനം വരെ കുറവുണ്ടായതായാണ് റിപ്പോർട്ടുകൾ. പാകിസ്താന്റെ കൃഷിഭൂമിയുടെ 80 ശതമാനവും സിന്ധു നദീതടത്തെയാണ് ആശ്രയിക്കുന്നത്. ഖാരിഫ് കൃഷി സീസണിൽ 21 ശതമാനത്തോളം ജലക്ഷാമം നേരിടുന്നത് ഗോതമ്പ്, നെല്ല് ഉൽപ്പാദനത്തെ സാരമായി ബാധിച്ചു.
ഭക്ഷ്യക്ഷാമത്തിനൊപ്പം ജലവൈദ്യുത നിലയങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടതും പാകിസ്താനിലെ ഊർജ്ജ പ്രതിസന്ധി രൂക്ഷമാക്കി.ഇന്ത്യയുടെ നീക്കത്തെ ജല ഭീകരവാദം എന്ന് പാകിസ്താൻ വിശേഷിപ്പിച്ചെങ്കിലും ലോകബാങ്കിന്റെ ഭാഗത്തുനിന്നും അനുകൂലമായ ഇടപെടലുകൾ ഉണ്ടാവാത്തത് അവരെ കൂടുതൽ ഒറ്റപ്പെടുത്തി.
2025 ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഇന്ത്യ നദീജല കരാർ റദ്ദാക്കുന്ന കടുത്ത തീരുമാനമെടുത്തത്. ഇന്ത്യൻ തുറമുഖങ്ങളിൽ പാക് കപ്പലുകൾക്ക് വിലക്കേർപ്പെടുത്തിയതും ഇറക്കുമതി നിർത്തിയതും ഉൾപ്പെടെയുള്ള മറ്റ് ഉപരോധങ്ങൾക്കൊപ്പമാണ് ജലനിയന്ത്രണവും തുടരുന്നത്. കരാർ പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ ഇന്ത്യ നിലവിൽ ചർച്ചകൾക്കൊന്നും തയ്യാറല്ല.
കരാറിലെ നിബന്ധനകൾ ഇല്ലാതെ തന്നെ അണക്കെട്ടിലെ ചെളി നീക്കം ചെയ്യാനും സംഭരണശേഷി വർധിപ്പിക്കുന്നതിലും ഇന്ത്യ ശ്രദ്ധ ചെലുത്തി. കൂടാതെ, ചെനാബ് നദിയിലെ സവാൽകോട്ട്, പാക്കൽ ദുൽ എന്നീ വൻകിട ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണം വേഗത്തിലാക്കാനും ഇന്ത്യക്ക് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.