ഗസ്സ: ഗസ്സയിൽ ആംബുലൻസുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 15 പേർ. വെള്ളിയാഴ്ച നടന്ന ആക്രമണത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ഫലസ്തീൻ റെഡ് ക്രസന്റ് പുറത്ത് വിട്ടു. പ്രാദേശിക സമയം വൈകീട്ട് 4.05ഓടെയാണ് ആക്രമണമുണ്ടായതെന്ന് റെഡ് ക്രസന്റ് അറിയിച്ചു.
റഫ അതിർത്തിയിലേക്ക് നീങ്ങുകയായിരുന്ന അഞ്ച് ആംബുലൻസുകളടങ്ങിയ കോൺവോയ്ക്ക് നേരെയായിരുന്നു ആക്രമണം. ഇതിൽ നാല് ആംബുലൻസുകൾ ഫലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റേതും ഒരെണ്ണം റെഡ് ക്രസന്റിന്റേതുമാണ്. റഫ അതിർത്തിയിലേക്കുള്ള അൽ റാഷിദ് കോസ്റ്റൽ റോഡിലൂടെ നാല് കിലോ മീറ്റർ സഞ്ചരിച്ചതും റോഡിൽ തടസമുണ്ടാവുകയും ആംബുലൻസുകൾ ആശുപത്രിയിലേക്ക് മടങ്ങുകയും ചെയ്തു.
ആശുപത്രിയിലേക്ക് ഒരു കിലോ മീറ്റർ മാത്രം ബാക്കിയുള്ളപ്പോൾ ആദ്യത്തെ ആംബുലൻസിന് നേരെ ആക്രമണമുണ്ടായി. എന്നാൽ, ആക്രമണത്തിന് ശേഷവും മറ്റ് ആംബുലൻസുകൾ ആശുപത്രിയിലേക്കുള്ള യാത്ര തുടർന്നു. ആശുപത്രി ഗേറ്റിന് സമീപത്ത് വെച്ചാണ് രണ്ടാമത്തെ ആംബുലൻസും ആക്രമിക്കപ്പെട്ടത്. ഈ ആക്രമണത്തിലാണ് 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
അതേസമയം, ഗസ്സയിൽ മരണസംഖ്യ 9200ലേറെയായിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ 3,826 കുട്ടികളും 2,405 സ്ത്രീകളുമാണ്. 32,500ലേറെ പേർക്ക് പരിക്കേറ്റു. പതിനായിരക്കണക്കിന് സിവിലിയന്മാർ ഇപ്പോഴും ഗസ്സ സിറ്റിയിൽ കുരുങ്ങിക്കിടക്കുകയാണ്. പട്ടണത്തിൽ ദിവസങ്ങളായി കടകളൊന്നും തുറക്കുന്നില്ല. അവശ്യ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തിയ ബേക്കറികളും അടച്ചിട്ട നിലയിലാണ്. ഏതു നിമിഷവും ഇസ്രായേൽ ബോംബുവർഷ സാധ്യത നിലനിൽക്കുന്നതിനാൽ ജനം പുറത്തിറങ്ങാനും മടിക്കുകയാണ്. പട്ടണത്തിലെ 35 ആശുപത്രികളിൽ 16ഉം ഇന്ധനം തീർന്ന് അടച്ചിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.