ദുൈബ: ഹസ്സ അൽ മൻസൂരി ബഹിരാകാശ സഞ്ചാരം പൂർത്തിയാക്കി യു.എ.ഇയിൽ തിരിച്ചെത്തിയ ശേഷം മാതാവിനെ സന്ദർശിക്കുന്ന വിഡിയോ വൈറലായി. കഴിഞ്ഞ ദിവസം വൈകീട്ട് യു.എ.ഇ സമയം അഞ്ചുമണിക്കാണ് അബൂദബി പ്രസിഡൻഷ്യൽ വിമാനത്തിൽ ഹസ്സ തിരിച്ചെത്തിയത്. ദൗത്യം പൂർത്തിയാക്കി ആദ്യമായി മാതാവിനെ കണ്ടപ്പോൾ മുട്ടുകുത്തിനിന്ന് അവരുടെ കാലുകളിൽ ചുംബിക്കുകയാണ് ഹസ്സ ചെയ്തത്. ഈ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
യു.എ.ഇ ഉപസർവസൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അരികിൽ നിൽക്കുമ്പോഴായിരുന്നു ഹസ്സയുടെ സ്നേഹപ്രകടനം. പിന്നീട് ഹസ്സ മാതാവിനെ ആശ്ലേഷിക്കുകയും ചെയ്തു. നേരത്തേയും ഹസ്സ മാതാവിനോടുള്ള സ്നേഹം വെളിപ്പെടുത്തിയിരുന്നു.
ബഹിരാകാശത്തേക്ക് പുറപ്പെടുന്നതിനു മുമ്പ് അറബ് മാധ്യമത്തിനു നൽകിയ വിഡിയോ സന്ദേശത്തിലും ഹസ്സയുടെ മാതൃസ്നേഹം കാണാം. ‘ഉമ്മാ...നമ്മുടെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. യു.എ.ഇയുടെ പേര് ഉയരങ്ങളിൽ എത്തിക്കാൻ സാധിച്ചു. അതോടൊപ്പം നമ്മുടെ ചിരകാല സ്വപ്നവും സഫലമായി’എന്നായിരുന്നു സന്ദേശം.
ശനിയാഴ്ച യു.എ.ഇയിൽ എത്തിയ ഹസ്സയെ, യു.എ.ഇ ഉപസർവസൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഹസ്സയുടെ മക്കളടക്കം നൂറുകണക്കിനു കുട്ടികളും ബഹിരാകാശ യാത്രികരുടെ വേഷമണിഞ്ഞ് സ്വീകരിക്കാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.