മനില: ഏഷ്യൻ നൊബേൽ എന്നറിയപ്പെടുന്ന രമൺ മഗ്സാസെ അവാർഡ് ജേതാക്കളിൽ രണ്ട് ഇന്ത്യക്കാരും. മനോരോഗികൾക്കിടയിൽ തുല്യതകളില്ലാത്ത പ്രവർത്തനം നടത്തിയ ഡോ. ഭരത് വത്വാനി, ലഡാക്കിലെ സാധാരണക്കാർക്കിടയിൽ പ്രവർത്തിക്കുന്ന സോനം വാങ്ചുക് എന്നിവർക്കാണ് ഇത്തവണ മറ്റു നാലുപേർക്കൊപ്പം അവാർഡ് ലഭിച്ചത്.
കംബോഡിയൻ വംശഹത്യയെ അതിജീവിച്ച് ഖമർറൂഷ് ക്രൂരതകൾ രേഖപ്പെടുത്താൻ പ്രവർത്തിച്ച യോക് ഛാങ്, കമ്യൂണിസ്റ്റ് തീവ്രവാദികളുമായുള്ള സമാധാനചർച്ചക്ക് മുൻകൈയെടുത്ത ഫിലിപ്പീൻസ് സ്വദേശി ഹൊവാർഡ് ഡീ, ഭിന്നശേഷിക്കാർക്കെതിരായ വിവേചനങ്ങൾക്കെതിരെ പോരാടിയ പോളിയോ ബാധിതനായ വിയറ്റ്നാമീസ് പൗരൻ വോ തി ഹൊവാങ് യെൻ റോം, ആഭ്യന്തര പ്രശ്നങ്ങൾക്കിടയിൽ ദുരിതമനുഭവിക്കുന്ന പാവങ്ങൾക്കായി സംരക്ഷണ കേന്ദ്രങ്ങൾ നിർമിച്ച കിഴക്കൻ തിമൂറുകാരൻ മരിയ ഡി ലൂർദ് മാർട്ടിൻസ് ക്രൂസ് എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ.
ഇവർ ഏഷ്യൻ പ്രതീക്ഷയുടെ താരങ്ങളാണെന്ന് മഗ്സാസെ അവാർഡ് ഫൗണ്ടേഷൻ പ്രസിഡൻറ് കാർമെൻസിത അബെല്ല പറഞ്ഞു. ഫിലിപ്പീൻസിെൻറ മൂന്നാമത് പ്രസിഡൻറിെൻറ പേരിൽ 1957ൽ സ്ഥാപിതമായ മഗ്സാസെ അവാർഡ് ഏഷ്യയിലെ ഏറ്റവും വലിയ അംഗീകാരമായാണ് പരിഗണിക്കപ്പെടുന്നത്. ആഗസ്റ്റ് 31ന് ഫിലിപ്പീൻസിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
മനോനില തെറ്റി തെരുവിൽ അലയുന്ന ആയിരങ്ങളെ ചികിത്സിക്കാനും അവരെ വീണ്ടും കുടുംബവുമായി കൂട്ടിയിണക്കാനും നേതൃത്വം നൽകിയ വ്യക്തിയാണ് ഡോ. ഭരത് വത്വാനി. വത്വാനിയും ഭാര്യയും ചേർന്നാണ് ആദ്യ പ്രവർത്തനങ്ങൾ തുടങ്ങിയത്.
സോനം വാങ്ചുക് ’88ൽ എൻജിനീയറിങ് ബിരുദം നേടിയ ശേഷം ‘സ്റ്റുഡൻറ്സ് എജുക്കേഷൻ ആൻഡ് കൾചറൽ മൂവ്മെൻറ് ഒാഫ് ലഡാക്ക്’ എന്ന സംഘടന തുടങ്ങി. പരീക്ഷകളിൽ പരാജയപ്പെടുന്ന ലഡാക്കിലെ വിദ്യാർഥികൾക്ക് പരിശീലനം നൽകിയാണ് ആദ്യ ചുവടുവെച്ചത്. ’94ൽ ‘ഒാപറേഷൻ ന്യൂഹോപ്’ എന്ന പദ്ധതി വഴി പ്രവർത്തനങ്ങൾ വിപുലീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.