കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ യു.എന്‍ അന്വേഷിക്കണമെന്ന് ഉര്‍ദുഗാന്‍

ഇസ്ലാമാബാദ്: കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ യു.എന്‍ അന്വേഷിക്കണമെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. രണ്ടു ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനായി പാകിസ്താനിലത്തെിയതായിരുന്നു ഉര്‍ദുഗാന്‍. പാക് പ്രസിഡന്‍റ് മംനൂന്‍ ഹുസൈനുമായി ഉര്‍ദുഗാന്‍ വ്യാഴാഴ്ച വൈകീട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് കശ്മീര്‍ വിഷയം പരാമര്‍ശിച്ചത്.

കശ്മീരിലെ പ്രശ്നപരിഹാരം അവിടത്തെ ജനങ്ങളുടെ ആഗ്രഹമനുസരിച്ചായിരിക്കണമെന്നും പ്രസിഡന്‍റ് പറഞ്ഞു. കശ്മീരിലെ മനുഷ്യാവകാശ ലംഘനത്തെ ഇരുരാജ്യങ്ങളും അപലപിക്കുകയും ചെയ്തു. പാകിസ്താന്‍െറ തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണ്.  
പാകിസ്താനില്‍ നിക്ഷേപം നടത്താന്‍ തുര്‍ക്കിക്ക് നിയമസഹായങ്ങള്‍ ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളും ചെയ്യുമെന്ന് മംനൂന്‍ അറിയിച്ചു.
ബുധനാഴ്ച വൈകീട്ടാണ് പ്രസിഡന്‍റ് റാവല്‍പിണ്ടിയില്‍ വിമാനമിറങ്ങിയത്.

പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ശരീഫ് എന്നിവര്‍ തുര്‍ക്കി പ്രസിഡന്‍റിനെ സ്വീകരിച്ചു. പത്നി അമീനയെ കൂടാതെ മുതിര്‍ന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും തുര്‍ക്കി ബിസിനസ് മേഖലയിലെ പ്രതിനിധികളും ഉര്‍ദുഗാനോടൊപ്പമുണ്ട്. പാര്‍ലമെന്‍റ് സമ്മേളനത്തെ ഉര്‍ദുഗാന്‍ അഭിസംബോധന ചെയ്തു. പാക് പ്രധാനമന്ത്രി നവാസ് ശരീഫ് അഴിമതിയാരോപണവിധേയനായ പശ്ചാത്തലത്തില്‍ ഉര്‍ദുഗാനുമായുള്ള പാര്‍ലമെന്‍റ് സംയുക്ത സമ്മേളനം തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി ബഹിഷ്കരിക്കുമെന്നറിയിച്ചിരുന്നു.

മൂന്നാം തവണയാണ് ഉര്‍ദുഗാന്‍ പാകിസ്താന്‍ പാര്‍ലമെന്‍റ് സംയുക്ത സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ലാഹോറില്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ഉര്‍ദുഗാന് ഒൗദ്യോഗിക വിരുന്നൊരുക്കും.

100 തുര്‍ക്കി അധ്യാപകര്‍ രാജ്യം വിടണമെന്ന് പാകിസ്താന്‍

നവംബര്‍ 20നുള്ളില്‍ നൂറോളം തുര്‍ക്കി അധ്യാപകര്‍ രാജ്യം വിടണമെന്ന് പാകിസ്താന്‍. പട്ടാള അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് തുര്‍ക്കി ആരോപിക്കുന്ന ആത്മീയ നേതാവ് ഫത്ഹുല്ല ഗുലന്‍ നടത്തുന്ന സ്കൂളിലെ അധ്യാപകരോടാണ് രാജ്യം വിടാന്‍ പാകിസ്താന്‍ ആവശ്യപ്പെട്ടത്. വിസ കാലാവധി പൂര്‍ത്തിയാക്കിയ നൂറോളം തുര്‍ക്കി അധ്യാപകര്‍ക്ക് പാകിസ്താന്‍ താമസാനുമതി നീട്ടിനല്‍കിയില്ല.

തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍െറ രണ്ടുദിവസത്തെ സന്ദര്‍ശന പശ്ചാത്തലത്തിലാണ് പാകിസ്താന്‍െറ പെട്ടെന്നുള്ള പ്രഖ്യാപനം. തുര്‍ക്കി പ്രസിഡന്‍റിനെ പ്രീതിപ്പെടുത്താനാണിതെന്ന് പാക് മാധ്യമങ്ങള്‍ ആരോപിച്ചു. 108 തുര്‍ക്കി അധ്യാപകര്‍ കുടുംബസമേതം പാകിസ്താനില്‍ താമസിക്കുന്നുണ്ട്.  പ്രഖ്യാപനത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ പാക്-തുര്‍ക്കി സ്കൂള്‍ മേധാവികള്‍ പെട്ടെന്നുള്ള തീരുമാനം തുര്‍ക്കിയുടെ സമ്മര്‍ദഫലമായി എടുത്തതാണെന്ന് ആരോപിച്ചു.

രാജ്യംവിടാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് പാക്-തുര്‍ക്കി എജുക്കേഷനല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആലംഗീര്‍ ഖാന്‍ അറിയിച്ചു.

Tags:    
News Summary - turkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.