ഡമസ്കസ്: െഎ.എസിനെ തുരത്താൻ ഭിന്നചേരികളിൽ അണിനിരന്ന് വൻശക്തികൾ ബോംബിട്ട് ചാരമാക്കിയ സിറിയയിൽ എങ്ങുമെത്താതെ പുനർനിർമാണ ചർച്ചകൾ. ചുരുങ്ങിയത് 16 ലക്ഷം കോടിയെങ്കിലുമില്ലാതെ പൂർവസ്ഥിതിയിലേക്ക് രാജ്യത്തെ തിരികെയെത്തിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം യു.എൻ മുന്നറിയിപ്പ് നൽകിയിട്ടും വിഷയത്തിൽ കാര്യമായ ചർച്ചകൾക്ക് തുടക്കമാകാത്തതാണ് ആശങ്കയുണർത്തുന്നത്.
രണ്ടു കോടിയിലേറെ ജനസംഖ്യയുണ്ടായിരുന്ന സിറിയയിൽ അഞ്ചു വർഷംകൊണ്ട് 65 ലക്ഷം പേരാണ് രാജ്യത്തിനകത്ത് അഭയാർഥികളായത്. 30 ലക്ഷം പേർ രാജ്യം വിട്ടു. പലായനം ഇപ്പോഴും തുടരുന്നു. താമസസൗകര്യങ്ങളിൽ അഞ്ചിലൊന്നും നഷ്ടമായി. ഭാഗികമായി കേടുവന്നവ വേറെ. മൂന്നിലൊന്ന് സ്കൂളുകൾ തകർന്നു. അവശേഷിച്ചവയിലേറെയും അഭയാർഥി ക്യാമ്പുകളായി രൂപമെടുത്തതോടെ വിദ്യാഭ്യാസം നൽകാൻ ഇടങ്ങളില്ലാതായി. ആശുപത്രികളിൽ പകുതിയിലേറെയും തകർക്കപ്പെട്ടു. സിറിയയിെല പ്രധാന നഗരങ്ങളായ അലപ്പോയും ഹിംസും അക്ഷരാർഥത്തിൽ പ്രേതനഗരങ്ങളാണ്. യു.എസ് നേതൃത്വം നൽകിയ സഖ്യസേനയും പ്രസിഡൻറ് ബശ്ശാർ അൽഅസദിനെ സഹായിക്കാെനന്ന പേരിൽ എത്തിയ റഷ്യയും മത്സരിച്ച് ബോംബുവർഷം നടത്തി എല്ലാം ഇല്ലാതാക്കിയതോടെ കുടിവെള്ളംപോലും കിട്ടാക്കനിയാണിവിടങ്ങളിൽ. വൈദ്യുതിബന്ധം ഇനിയും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. വ്യവസായശാലകൾ ശാന്തമാണ്. റോഡുകൾ തകർന്നുകിടക്കുന്നതിനാൽ ഗതാഗതംപോലും താളംതെറ്റിയ നിലയിൽ തുടരുന്നു.
യൂറോപ്പിനെ മുൾമുനയിലാക്കിയ അഭയാർഥിപ്രശ്നം പരിഹരിക്കപ്പെടണമെങ്കിൽ സിറിയ പൂർവസ്ഥിതിയിലേക്ക് തിരിച്ചുവരണം. പുനർനിർമാണം നടത്താൻ കരാർ നൽകുന്നുവെങ്കിൽ അതിെൻറ പ്രയോജനവും യൂറോപ്യൻ, അമേരിക്കൻ കമ്പനികൾക്കായിരിക്കും. സിറിയയുടെ പുനർനിർമാണത്തിന് ശ്രമങ്ങൾ ആരംഭിച്ചതായി യൂറോപ്യൻ യൂനിയൻ മുതിർന്ന ഉദ്യോഗസ്ഥ ഫ്രെഡറിക് മൊഗ്രിനി പറയുന്നു. എന്നാൽ, സിറിയയിൽ ബശ്ശാർ അൽഅസദിന് സഹായമാകുന്ന ഒന്നിനും മുന്നിൽ നിൽക്കാനാവില്ലെന്നതാണ് പാശ്ചാത്യ രാജ്യങ്ങളുടെ മനസ്സ്. ഇത് മേഖലയിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്നാണ് ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.