ബെയ്ജിങ്: കോവിഡ് 19 വ്യാപനം തടയുന്നതിൽ പ്രസിഡന്‍റ് ഷി ജിൻപിങ്ങിന് വീഴ്ച സംഭവിച്ചെന്ന് വിമർശിച്ച ചൈനീസ് കമ്യൂണ ിസ്റ്റ് പാർട്ടി അംഗത്തെ കാണാതായി. സർക്കാർ നിയന്ത്രണത്തിലെ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് മുൻ ഉന്നതമേധാവി കൂടിയായ റെൻ സ്വീക്വിയാങ്ങിനെയാണ് മാർച്ച് 12 മുതൽ കാണാതായത്.
റെൻ സ്വീക്വിയാങ്ങിനെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും തെരയുകയാണെന്നും അടുത്ത സുഹൃത്തും ബിസിനസുകാരിയുമായ വാങ് യിങ് പറഞ്ഞു. കാണാതായതിൽ അതീവ ഉത്കണ്ഠയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, റെൻ സ്വീക്വിയാങ്ങിനെ കാണാതായ സംഭവത്തിൽ ബെയ്ജിങ് പൊലീസ് പ്രതികരിച്ചിട്ടില്ല.
ഷി ജിൻപിങ്ങിന്‍റെ പേര് പരാമർശിക്കാതെ എഴുതിയ ലേഖനത്തിലാണ് റെൻ സ്വീക്വിയാങ്ങ് വിമർശനം ഉയർത്തിയത്. കോവിഡ് നിയന്ത്രിക്കുന്നതിൽ സർക്കാറിന് വീഴ്ച പറ്റിയെന്നും പുതിയ വസ്ത്രങ്ങൾ പ്രദർശിപ്പിക്കുന്ന ചക്രവർത്തിയെയല്ല, ചക്രവർത്തിയാകാൻ നിരന്തരം നിർബന്ധം പിടിക്കുന്ന നഗ്നനായ ഒരു കോമാളിയെയാണ് താൻ കാണുന്നതെന്നും റെൻ സ്വീക്വിയാങ്ങ് പറഞ്ഞിരുന്നു. അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഇല്ലാത്തത് കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിനെ തടഞ്ഞുവെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.
ഈ ലേഖനം 1.70 ലക്ഷത്തോളം പാർട്ടി പ്രവർത്തകരിലെത്തിയിരുന്നു. പിന്നീട് ഇത് സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു.
സർക്കാർ നയങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചതിന് 2016ൽ റെൻ സ്വീക്വിയാങ്ങിനെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. തെറ്റായ വിവരങ്ങളാണ് നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി അന്ന് ഇദ്ദേഹത്തിന്‍റെ സമൂഹമാധ്യമ അക്കൗണ്ട് പൂട്ടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.