ഉത്തര കൊറിയക്ക് മുന്നറിയിപ്പുമായി യു.എസ് ആണവ ബോംബറുകള്‍

സോള്‍: വന്‍ശക്തികളുടെ വിലക്കവഗണിച്ച് മിസൈല്‍ പരീക്ഷണം തുടരുന്ന ഉത്തര കൊറിയക്ക് മുന്നറിയിപ്പുമായി യു.എസിന്‍െറ ആണവ ബോംബറുകള്‍ ദക്ഷിണ കൊറിയന്‍ ആകാശത്ത് പറന്നു. ഉത്തര കൊറിയയുടെ അഞ്ചാം ആണവായുധ പരീക്ഷണത്തിനു പിന്നാലെയാണ് യു.എസിന്‍െറ നീക്കം. ആണവായുധ വാഹകശേഷിയുള്ള രണ്ട് സൂപ്പര്‍സോണിക് ബോംബറുകളാണ് ചൊവ്വാഴ്ച ദക്ഷിണ കൊറിയന്‍ ആകാശപരിധിയില്‍ എത്തിയത്.

ഒസാന്‍ വ്യോമതാവളത്തിനു മുകളിലൂടെ ബി1ബി ബോംബറുകള്‍ പറക്കുന്നതിന്‍െറ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍നിന്ന് 77 കി.മീറ്ററും ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍നിന്ന് 40 കി.മീറ്ററും അകലെയാണീ മേഖല. യു.എസിന്‍െറയും ദക്ഷിണ കൊറിയയുടെയും ജെറ്റ് വിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു ബോംബറുകളുടെ പറക്കല്‍. ദക്ഷിണ കൊറിയക്ക് ആണവായുധങ്ങളില്ളെങ്കിലും സഖ്യകക്ഷിയായ അവര്‍ക്ക് യു.എസ് എല്ലാവിധ സഹായ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഞ്ചാമത്തെ ആണവ പരീക്ഷണം ഉത്തര കൊറിയ നടത്തിയത്. ഇതുവരെ നടത്തിയതില്‍ ഏറ്റവും പ്രഹരശേഷി കൂടിയതായിരുന്നു അത്.

പരീക്ഷണത്തിന്‍െറ ഫലമായുള്ള ഭൂചലനത്തില്‍ ദക്ഷിണ കൊറിയയും കുലുങ്ങിയിരുന്നു. യു.എസ് ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ എതിര്‍പ്പ് മറികടന്നായിരുന്നു കൊറിയയുടെ ആണവ പരീക്ഷണം. പിന്നാലെ ആണവരാജ്യമെന്ന പദവി അനുവദിക്കണമെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ആവശ്യപ്പെട്ടിരുന്നു.

ആണവായുധ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഉത്തര കൊറിയയുമായി തുറന്നചര്‍ച്ചക്ക് തയാറാണെന്ന് യു.എസ് പ്രത്യേക പ്രതിനിധി സങ് കിം പറഞ്ഞു. ഉത്തര കൊറിയക്കെതിരെ യു.എന്‍ രക്ഷാകൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കും.ഉത്തര കൊറിയയുടെ സഖ്യചേരിയായ ചൈനയുമായി സഹകരിച്ച് നിലവിലുള്ള പ്രമേയത്തിന്‍െറ പഴുതുകള്‍ ഇല്ലാതാക്കുമെന്നും സങ് വ്യക്തമാക്കി. ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയില്‍ പ്രതിരോധ മിസൈല്‍ സിസ്റ്റം സ്ഥാപിക്കാനുള്ള യു.എസിന്‍െറ തീരുമാനത്തെ ചൈനയും റഷ്യയും എതിര്‍ത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.